KeralaNEWS

പോപ്പുലര്‍ ഫ്രണ്ട് ബന്ധം: കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഇന്നും റെയ്ഡ്

കണ്ണൂര്‍: കണ്ണൂരിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർക്ക് ബന്ധമുള്ള സ്ഥാപനങ്ങളിലെ പൊലീസ് റെയ്ഡ് ഇന്നും തുടരുന്നു. കഴിഞ്ഞ ദിവസം തുറക്കാതിരുന്ന സ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടത്തുന്നത്. മട്ടന്നൂർ, പാലോട്ടുപള്ളി, ചാവശ്ശേരി ഭാഗങ്ങളിലെ സ്ഥാപനങ്ങളിലാണ് പരിശോധന. വെളളിയാഴ്ച്ചത്തെ ഹർത്താലിൽ അക്രമം ആസുത്രണം ചെയ്തവരെ കണ്ടെത്തുകയാണ് പൊലീസിന്‍റെ ലക്ഷ്യം.

ജില്ലയിലെ പത്തിടങ്ങളിൽ ഇന്നലെ നടത്തിയ റെയ്‍ഡില്‍ കംപ്യൂട്ടറുകളും ബാങ്ക് രേഖകളും പിടിച്ചെടുത്തിരുന്നു. ഇവ കൂടുതൽ പരിശോധനകൾക്കു വിധേയമാക്കുന്നതോടെ ആക്രമണ സംഭവങ്ങളുടെ ഗൂഡാലോചന തെളിയിക്കാമെന്നാണ് പൊലീസ് കരുതുന്നത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസിൻ്റെ മിന്നൽ പരിശോധന നടന്നത്. ടൗൺ എ സി പി രത്നകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മട്ടന്നൂർ , ചക്കരക്കല്ല് , ഇരിട്ടി , ഉളിയിൽ എന്നിവിടങ്ങളിലെ പത്ത് കടകളിൽ ഒരേ സമയമാണ് റെയ്ഡ് നടത്തിയത്. പോപ്പുലർ ഫ്രണ്ടിൻ്റെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും പൊലീസ് അന്വേഷിച്ചതെന്നാണ് സൂചന.

Signature-ad

പരിശോധന നടത്തിയ താണയിലെ ബി മാർട്ട് ഹൈപ്പർ മാർക്കറ്റിലെ ലാപ്ടോപ്പ് , സി പി യു , മൊബൈൽ ഫോൺ , ഫയൽ എന്നിവ പിടിച്ചെടുത്തിരുന്നു. നഗരത്തിലെ സെയിൻ ബസാർ എന്ന ഹൈപ്പർ മാർക്കറ്റിലും , സ്പൈസ്‍ മെന്‍ എന്നീ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ബാങ്ക് ഇടപാടുകളുടെ രേഖകൾ ടാബ്, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. റെയ്ഡ് ഇന്നലെ രാത്രി 7 മണിയോടെ പൂർത്തിയായി. ഹ‍ർത്താൽ ആക്രമണങ്ങളിൽ കണ്ണൂർ സിറ്റി പരിധിയിൽ  മാത്രം 50 ഓളം കേസുകളിലായി 164 പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

Back to top button
error: