അബുദാബി: പ്രതിദിന കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് ഉണ്ടായതോടെ യുഎഇയില്‍ കൊവിഡ് നിബന്ധനകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സ്കൂളുകളില്‍ ഉള്‍പ്പെടെ ഭൂരിഭാഗം സ്ഥലങ്ങളിലും മാസ്ക് ഒഴിവാക്കി. പള്ളികളിലും ആശുപത്രികളിലും പൊതുഗതാഗത സംവിധാനത്തിലും മാസ്ക് ധരിക്കണം. എന്നാല്‍ പള്ളികളിലെ സാമൂഹിക അകലം ഒഴിവാക്കി. പുതിയ നിയമങ്ങള്‍ സെപ്തംബര്‍ 28 മുതല്‍ പ്രാബല്യത്തില്‍ വരും.
വിമാനങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ആവശ്യമായി വന്നാല്‍ മാസ്ക് ധരിക്കണമെന്ന നിയമം നടപ്പിലാക്കാന്‍ വിമാന കമ്പനിതള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാം. സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമല്ല. സെപ്തംബര്‍ 28 മുതല്‍ സ്വകാര്യ സ്കൂളുകള്‍, ചൈല്‍ഡ്ഹുഡ് സെന്ററുകള്‍, യൂണിവേഴ്സിറ്റികള്‍, ട്രെയിനിങ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സെപ്തംബര്‍ 28 മുതല്‍ മാസ്ക് നിര്‍ബന്ധമല്ലെന്ന് ദുബൈ വൈജ്ഞാനിക മാനവ വികസന അതോറിറ്റി അറിയിച്ചു. ഭക്ഷണം വിതരണം ചെയ്യുന്നവരും രോഗലക്ഷണമുള്ളവരും മാസ്ക് ധരിക്കണം.
പിസിആര്‍ ടെസ്റ്റെടുക്കുമ്പോള്‍ ഗ്രീന്‍പാസിന്റെ കാലാവധി 30 ദിവസമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. കൊവിഡ് ബാധിതര്‍ അഞ്ച് ദിവസം ഐസൊലേഷനില്‍ കഴിഞ്ഞാല്‍ മതിയാകും. ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് 1000 ദിവസം തികഞ്ഞ ദിനത്തിലാണ് ഇളവുകളും പ്രഖ്യാപിച്ചത്.