പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ് വിലയിരുത്തി അമിത്ഷാ
ന്യൂഡല്‍ഹി: രാജ്യമെമ്പാടും പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന എന്‍.ഐ.എ റെയ്ഡുകള്‍ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്നു പുലര്‍ച്ചെ ആരംഭിച്ച നടപടികളുടെ വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ അമിത് ഷായ്ക്ക് കൈമാറി. എന്‍.ഐ.എ മേധാവി ദിന്‍കര്‍ ഗുപ്തയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും അമിത് ഷായെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിശദമാക്കി. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടന്ന പരിശോധനക്ക് പിന്നാലെ എന്‍.ഐ.എ ആസ്ഥാനത്ത് അതീവ സുരക്ഷയാണൊരുക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും അറസ്റ്റ് ചെയ്ത പി.എഫ്.ഐ നേതാക്കളെ ഡല്‍ഹി എന്‍.ഐ.എ ആസ്ഥാനത്തേക്ക് കൊണ്ടുവരുമെന്നാണ് സൂചന.
തീവ്രവാദത്തിന് പണം നല്കല്, പരിശീലന ക്യാമ്പ് നടത്തല്‍, തീവ്രവാദത്തിലേത്ത് ആളുകളെ ആകര്‍ഷിക്കല്‍ തുടങ്ങിയ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വീടുകളിലാണ് റെയ്ഡ് നടന്നതെന്നാണ് എന്‍ഐഎ നല്കുന്ന വിശദീകരണം.
കേരളമടക്കം 13 സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് ഇ.ഡി സഹകരണത്തോടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) റെയ്ഡ് നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം 106 പേരെ കസ്റ്റഡിയില്‍ എടുത്തു. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായി നേതാക്കള്‍ അടക്കമുള്ള 22 പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ എട്ട് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ഡല്‍ഹിയിലേക്ക് കൊണ്ടു പോയി.