തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും എതിരെ ആഞ്ഞടിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം, സി.പി.ഐ മുഖപത്രങ്ങള്‍. ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് വിറ്റ് ബി.ജെ.പിയിലെത്തിയ ആളാണെന്ന് സി.പി.എം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തില്‍ ആരോപിച്ചു.
വിലപേശിക്കിട്ടിയ നേട്ടങ്ങളില്‍ ഗവര്‍ണര്‍ മതിമറക്കുകയാണ്. ജയിന്‍ ഹവാല ഇടപാട് കേസിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഈ കേസില്‍ കൂടുതല്‍ പണം പറ്റിയ നേതാവാണ് ഗവര്‍ണര്‍ എന്നും ലേഖനത്തില്‍ പറയുന്നു. ബ്ലാക്‌മെയില്‍ രാഷ്ട്രീയത്തിനു ഗവര്‍ണര്‍ രാജ്ഭവനെ വേദിയാക്കുന്നുവെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗം ആരോപിച്ചു. ഗവര്‍ണര്‍ മനോനില തെറ്റിയപോലെ പെരുമാറുകയാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
ദേശാഭിമാനി മുഖപത്രം പേജിലെ ലേഖനത്തില്‍നിന്ന്
1989 ല്‍ കേന്ദ്രമന്ത്രി സഭയില്‍ അംഗമായപ്പോഴാണ് കുപ്രസിദ്ധമായ ജയിന്‍ ഹവാല കേസില്‍ ഉള്‍പ്പെടുന്നത്. ജയിന്‍ ഹവാല ഇടപാടില്‍ ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാവും ആരിഫ് മൊഹമ്മദ് ഖാനാണ്. 7.63 കോടി രൂപയാണ് പല തവണകളിലായി വാങ്ങിയത്. മാധ്യമ പ്രവര്‍ത്തകന്‍ സഞ്ജയ് കപൂര്‍ എഴുതിയ ‘ബാഡ് മണി, ബാഡ് പൊളിറ്റിക്സ്- ദി അണ്‍ടോള്‍ഡ് ഹവാല സ്റ്റോറി’ എന്ന പുസ്തകം അഴിമതിയുടെ ഉള്ളറകള്‍ തുറക്കുന്നതാണ്. കേസ് അന്വേഷണത്തിനിടെ സി.ബി.ഐ ജയിനില്‍നിന്ന് പിടിച്ചെടുത്ത രണ്ടു ഡയറിയിലും ഒരു നോട്ടുബുക്കിലുമായി രാഷ്ട്രീയ പാര്‍ടികള്‍, രാഷ്ട്രീയ നേതാക്കള്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ബിസിനസ് പങ്കാളികളുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി ഹവാല പണം കൈപ്പറ്റിയ 115 ആളുകളുടെ പേരാണുണ്ടായിരുന്നത്. ഇടതുപക്ഷ നേതാക്കളില്‍ ഒരാള്‍പോലും ജയിന്‍ ഹവാല കേസില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതില്‍ ഉള്‍പ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആളായാണ് ആരിഫ് മൊഹമ്മദ് ഖാനെ വിശേഷിപ്പിക്കുന്നത്. മുഖ്യപ്രതിയായ സുരേന്ദര്‍ ജയിനിന്റെ കുറ്റസമ്മത മൊഴിയിലും സി.ബി.ഐ കുറ്റപത്രത്തിലും ആരിഫ് മൊഹമ്മദ് ഖാന്റെ പങ്ക് എടുത്ത് പറയുന്നുണ്ട്.