KeralaNEWS

മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍ അനർഹമായി ഉപയോഗിക്കുന്നവർക്ക് പണി കിട്ടും, റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിക്കാത്തവർക്ക് ഇനി റേഷനില്ല

റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിക്കുന്ന പ്രക്രിയ നാളെയോടെ പൂർത്തിയാകും. റേഷൻ ഗുണഭോക്താക്കളായ അന്ത്യോദയ (മഞ്ഞ), മുൻഗണന (പിങ്ക്) കാർഡുകളിലും സംസ്ഥാന സബ്സിഡി (നീല), പൊതു (വെള്ള) കാർഡുകളിലുമുള്ള ആധാറുമായി ബന്ധിപ്പിക്കാത്ത റേഷൻ കാർഡ് ഉടമകളെ കണ്ടെത്തി പൊതുവിതരണം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് കർശന നടപടി. അല്ലാത്തവർക്ക് ഇനി റേഷൻ നൽകാനാവില്ലെന്ന് പൊതുവിതരണ വകുപ്പ്. ആധാറില്ലാത്ത അംഗങ്ങളുടെ പേരുകൾ കാർഡിൽനിന്ന് ഒഴിവാക്കും.

അതേസമയം, കാർഡിന് വിഹിതം ലഭിക്കുന്ന മഞ്ഞ, വെള്ള കാർഡുകളിലെ അംഗങ്ങളെ ഒഴിവാക്കിയാൽ ലഭിക്കുന്ന റേഷൻ കുറയില്ല. എന്നാൽ, അംഗങ്ങൾക്ക് വിഹിതമുള്ള പിങ്ക്, നീല കാർഡുകളിൽ അംഗങ്ങളെ ഒഴിവാക്കിയാൽ ലഭിക്കുന്ന അളവ് കുറയും.

മൂന്നു ജില്ലകളിൽ സമ്പൂർണമായി ആധാർ ബന്ധിപ്പിച്ചു കഴിഞ്ഞു. മലപ്പുറം ജില്ലയിലാണ് ആദ്യമായി ഇത് പൂർത്തിയായത്. പിന്നാലെ പത്തനംതിട്ടയിലും കൊല്ലത്തും നടന്നു. ഇടുക്കി, വയനാട്, പാലക്കാട്, കാസർകോട് ജില്ലകൾ പിറകിലാണ്. ആദിവാസികൾ അടക്കമുള്ള റേഷൻകാർഡ് ഉടമകളുള്ള ഇടുക്കി, വയനാട് ജില്ലകളിൽ ബയോമെട്രിക് രേഖകൾ തെളിയാത്തവർ ഏറെയാണ്. ഇവരുടെ കാര്യത്തിൽ റേഷൻ കാർഡിൽ പ്രത്യേക പരിഗണന നൽകും. കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, മാനസിക വൈകല്യമുള്ളവർ, ഓട്ടിസം ബാധിച്ചവവർക്കും ഈ ആനുകൂലം ലഭിക്കും.

കഴിഞ്ഞ കേരള പിറവി ദിനത്തിൽ സ്മാർട്ട് റേഷൻ കാർഡ് വരുന്നതിന്റെ ഭാഗമായി റേഷൻ കാർഡ് അംഗങ്ങളുടെ ആധാർ ബന്ധിപ്പിക്കൽ 100 ശതമാനവുമാവുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാലിത് പൂർത്തിയാവാത്ത സാഹചര്യത്തിലാണ് കർശന നടപടികളുമായി വീണ്ടും രംഗത്തുവന്നത്.

സംസ്ഥാനത്ത് 92,88,126 റേഷൻ കാർഡുകളാണുള്ളത്. ഈ റേഷൻ കാർഡുകളിൽ 3,54,30,614 അംഗങ്ങളുമാണുള്ളത്. ഇതിൽ 99 ശതമാനം അംഗങ്ങൾ ആധാർ ബന്ധിപ്പിച്ചു കഴിഞ്ഞു.

ഇതേ സമയം മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശംവച്ചിട്ടുള്ളവരെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായത്തോടെ ഭക്ഷ്യപൊതുവിതരണ വകുപ്പ് ‘ഓപ്പറേഷന്‍ യെലോ’ എന്ന പേരില്‍ പരിശോധന നടത്തും.

അനര്‍ഹര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അര്‍ഹതയുള്ള കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്നു മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് ഉള്ളവരെക്കുറിച്ച്‌ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 91885 27301 എന്ന മൊബൈല്‍ നമ്പരിലും 1967 എന്ന ടോള്‍ഫ്രീ നമ്പരിലും അറിയിക്കാം. വിവരം നല്‍കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. സംസ്ഥാനത്ത് ആകെയുള്ള 92.61 ലക്ഷം കാര്‍ഡ് ഉടമകളില്‍ 43.94% പേരാണു മുന്‍ഗണനാ വിഭാഗത്തിലുള്ളത്. ഇതില്‍ അനര്‍ഹരെ ഒഴിവാക്കി പകരം 2.54 ലക്ഷത്തോളം പുതിയ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനകം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

Back to top button
error: