KeralaNEWS

പൊലീസ് വേട്ടയാടിയ ഓട്ടോ ഡ്രൈവർ മുരുകൻ്റെ കഥ കേട്ട് കരയരുതേ, കള്ളക്കേസുകളും ക്രൂരമർദ്ദനവും അപമാനവും മൂലം ജീവിതം ഇരുളടഞ്ഞ ഈ സാധു മനുഷ്യൻ നീതിക്കായി പോരാടിയത് 10 വർഷങ്ങൾ

   സമ്പത്തും സ്വാധീനവുമില്ലാത്ത ഒരു സാധു മനുഷ്യൻ നീതിക്കായി പോരാടിയത് 10 വർഷങ്ങൾ…! കള്ളകേസിൽ കുടുക്കി ക്രൂരമായിമർദ്ദിച്ചു. അപമാനം മൂലം സമൂഹത്തിൽ ഒറ്റപ്പെട്ടു എങ്കിലും ആത്മഹത്യ ചെയ്യാതെ ഏകനായി നീതിക്കായി പോരാടി.
കാക്കിയിട്ട ക്രിമിനലുകൾ അരങ്ങുവാഴുന്ന കേരളപൊലീസ് കള്ളകേസിൽ കുടുക്കി ജയിലിൽ അടച്ച ഓട്ടോഡ്രൈവർ മുരുകൻ്റെ കഥ നമ്മുടെ മനസാക്ഷിയെ പിടിച്ചുലയ്ക്കും.

2011 ലാണു സംഭവങ്ങളുടെ തുടക്കം. ഓട്ടോ ഡ്രൈവർ കണ്ണേറ്റുമുക്ക് സ്വദേശി മുരുകൻ രാത്രി ഓട്ടത്തിന് പേര് എഴുതിയിടാനാണ് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയത്.

സ്റ്റേഷനുള്ളിൽ നിന്ന് നിലവിളി കേട്ട മുരുകൻ ഓടി ചെന്ന് നോക്കുമ്പോൾ എസ്.ഐ ശിവകുമാറും സംഘവും രണ്ടു വിദ്യാർഥികളെ ക്രൂരമായി മർദ്ദിക്കുന്നതാണ് കണ്ടത്. പൊലീസ് ജീപ്പിനു സൈഡ് കൊടുക്കാതത്തിൻ്റെ പേരിൽ ആണ് തങ്ങളെ മർദ്ദിക്കുന്നത് എന്ന് വിദ്യാർത്ഥികൾ നിലവിളിച്ചുകൊണ്ട് മുരുകനോട് പറഞ്ഞു. സ്റ്റേഷനു പുറത്തിറങ്ങിയ മുരുകൻ ഉടൻ തന്നെ വിവരം കമ്മീഷണർ ഓഫീസിൽ വിളിച്ചറിയിച്ചു.
മുരുകനെ പൊലീസ് വേട്ടയാടി തുടങ്ങുന്നത് ഇതേ തുടർന്നാണ്. അടുത്ത ദിവസം രാവിലെ മുരുകനെ തേടി രണ്ടു പൊലീസുകാർ വീട്ടിലെത്തി. മുരുകൻ വിളിച്ചറിയിച്ച പരാതി അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ നിന്നാണ് അവരെത്തിയത്.

എസ്.ഐ ശിവകുമാർ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവങ്ങൾ മുരുകൻ ഇവരോട് വിവരിച്ചു. ഇതിന് പിന്നാലെ ഒരാഴ്ച പിന്നിട്ടപ്പോൾ മുരുകനെതിരേ തമ്പാനൂർ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. മുരുകന്റെ ഓട്ടോറിക്ഷയിൽ ഒരു വിദ്യാർഥിയുടെ സൈക്കിൾ ഇടിച്ചതിനെ തുടർന്നുണ്ടായ തർക്കം പോക്സോ കേസായി തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അപകട വിവരം ചോദിച്ചറിയാൻ എന്ന പേരിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ മുരുകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു ജയിലിലാക്കി.

എന്നാൽ വിചാരണ വേളയിൽ പോക്സോ കേസല്ല തങ്ങൾ നൽകിയതെന്ന് വാദി തന്നെ പറഞ്ഞതോടെ കോടതി മുരുകനെ വെറുതേവിട്ടു. പുറത്തിറങ്ങിയ മുരുകൻ പത്രസമ്മേളനം വിളിച്ച് നടന്ന സംഭവങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിവരിച്ചു. പൊലീസിനെതിരെ രൂക്ഷ വിമർശം ഉയർന്നതിന് പിന്നാലെ വഞ്ചിയൂർ പൊലീസ് മുരുകനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി. പെറ്റിക്കേസുണ്ടെന്ന പേരിലാണത്രേ വിളിച്ച് വരുത്തിയത്. സ്റ്റേഷനിലെത്തിയ മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലസ് ടൂ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നായിരുന്നു കുറ്റം…! സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയായ വനിതയെയാണ് കേസിന് സാക്ഷിയായി പൊലീസ് ചേർത്തത്.

പൊലീസിനെതിരെ പരാതി പോയാൽ ഇതായിരിക്കും അനുഭവമെന്ന് അന്നത്തെ വഞ്ചിയൂർ ക്രൈം എസ്.ഐ. മോഹനൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. വീണ്ടും ജയിലിലായ മുരുകനെ ജാമ്യത്തിലിറക്കാൻ ആരുമില്ലാതായി. മാസങ്ങളോളം അയാൾ ജയിലിൽ കഴിഞ്ഞു. പോക്സോ കേസിലെ പ്രതി എന്ന മുദ്ര ചാർത്തപെട്ടത്തോടെ വീട്ടുകാരും ബന്ധുക്കളും മുരുകനെ കൈയൊഴിഞ്ഞു. ജാമ്യത്തിലിറങ്ങിയ അയാൾ കട വരാന്തകളിലാണ് രാത്രി ഉറങ്ങിയിരുന്നത്.

നാട്ടുകാർ ആട്ടിപ്പായിച്ചതോടെ ഉറങ്ങാനായി നാഗർകോവിൽ വരെ ബസിൽ ടിക്കറ്റ് എടുത്ത് പോകുമായിരുന്നു എന്ന് മുരുകൻ പറയുന്നു. എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന കോടതിയിൽ ഈ കേസ് വന്നതോടെ പൊലീസ് പ്രതികൂട്ടിൽ ആയി. കേസിലെ ഏക സാക്ഷിയും വഞ്ചിയൂർ സ്റ്റേഷനിൽ അഞ്ച് വർഷത്തോളം ശുചീകരണ തൊഴിലാളിയും ആയിരുന്ന വനിതയെ അറിയില്ല എന്ന് ഗ്രേഡ് എസ്.ഐ മോഹനൻ കോടതിയിൽ മൊഴി നൽകി.

ഇത് കളവാണെന്ന് മുരുകൻ്റെ അഭിഭാഷകൻ തെളിവ് സഹിതം ബോധ്യപ്പെടുത്തി. ഒടുവിൽ എസ്.ഐ മോഹനൻ പറഞ്ഞിട്ടാണ് കേസിൽ കള്ള മൊഴി നൽകിയതെന്ന് സാക്ഷിയും കോടതിയെ ബോധിപ്പിച്ചു. തെളിവായി പൊലീസ് ഹാജരാക്കിയ പ്രതിയുടേയും വാദിയുടെയും അടിവസ്ത്രങ്ങൾ തെരുവിൽ നിന്നും വാങ്ങിയ ഒരേ തരത്തിലുള്ളതാണെന്നും കോടതി കണ്ടെത്തി.

ഒരു സാധാരണ മനുഷ്യന്റെ ജീവിതം ഇല്ലാതാക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതിന്റെ മറ്റൊരു സംഭവമാണ് ഈ കേസ് എന്ന് അന്തിമ വിധി പുറപ്പെടുവിച്ച ജഡ്ജി എം. പി ഷിബു വിമർശിച്ചു. വ്യക്തി വിരോധം തീർക്കാനാണ് മുരുകനെ പോക്സോ കേസിൽ കുടുക്കിയതെന്ന് കോടതി കണ്ടെത്തി. പ്രതിക്കു വേണ്ടി അഡ്വ. അശോക് പി. നായരാണ് കോടതിയിൽ ഹാജരായത്.
ഈ അതിക്രമങ്ങളൊക്കെ കാട്ടിയ എസ്.ഐ വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ച വ്യക്തി കൂടിയാണെന്ന് അറിയുക.
പത്ത് വർഷത്തെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ നീതി. കള്ള കേസിൽ കുടുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ് മുരുകൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: