KeralaNEWS

പോപ്പുലർ ഫ്രണ്ടിന് പരിശീലനം; സസ്പെൻഷനിലായ ഫയർഫോഴ്സ് ഓഫീസറെ തിരിച്ചെടുത്തു

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്സ് സേനാംഗങ്ങൾ പരിശീലനം നൽകിയതിന് സസ്പെൻഷനിലായ മുൻ എറണാകുളം ജില്ലാ ഫയർ ഓഫീസറെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. എ എസ് ജോഗിയെയാണ് തിരിച്ചെടുത്തത്. സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ആലുവയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാപ്രവർത്തനത്തിൽ ഫയർഫോഴ്സ് ഔദ്യോഗികമായി പരിശീലനം നൽകിയതാണ് സേനയ്ക്കാകെ തലവേദനയായ വിവാദത്തിലേക്ക് വളർന്നത്.

മാര്‍ച്ച് മുപ്പതിനാണ് ആലുവ ടൗണ്‍ ഹാളില്‍വച്ച്  പോപ്പുലര്‍ ഫ്രണ്ട് റിലീഫ് ടീമിനായി അഗ്നിരക്ഷാ സേന പരിശീലനം നടത്തിയത്. അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍ അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു പരിശീലനം.

ഇതാണ് വിവദമായത്. പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തുവന്നു. ഇതോടെയാണ് അന്വേഷണം നടത്താന്‍ അഗ്നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്. സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. റീജിയണൽ ഫയർ ഓഫീസർ കെ കെ ഷൈജുവിനെയും, ജില്ലാ ഫയർ ഓഫീസർ ജെ എസ് ജോഗിയെയും സസ്പെന്‍റ് ചെയ്തത്. പരിശീലനം നൽകിയ മൂന്ന് ഫയർമാന്മാരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. മേലുദ്യോഗസ്ഥരുടെ നിർദേശം അനുസരിക്കുക മാത്രം ചെയ്ത മൂന്ന് ഫയർമാന്മാർക്കെതിരെ നടപടി പാടില്ലെന്ന് കേരള ഫയർഫോഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.  ഇതോടെയാണ് ബി അനിഷ്, വൈ എ രാഹുൽദാസ്, എം സജാദ് എന്നീ മൂന്ന് റെസ്ക്യു ഓഫീസർമാർക്കെതിരെയുള്ള നടപടി സ്ഥലംമാറ്റത്തിലൊതുങ്ങിയത്.

പിന്നാലെ, മത-രാഷ്ട്രീയ സംഘടനകൾക്ക് ഫയർഫോഴ്സ് സേനാംഗങ്ങൾ പരിശീലനം നൽകുന്നത് വിലക്കി ഫയർഫോഴ്സ് മേധാവിസർക്കുലർ ഇറക്കുകയും ചെയ്തിരുന്നു.  മത-രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടിയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. സർക്കാർ അംഗീകൃത സന്നദ്ധ സംഘടനകൾ, വ്യാപാരി-വ്യവസായി മേഖലയുമായി ബന്ധപ്പെട്ട കൂട്ടായ്മകൾ, സിവിൽ ഡിഫൻസ് പ്രവർത്തകർ, അംഗീകൃ പൊതുജന സേവന പ്രസ്ഥാനങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് മാത്രം പരിശീലനം നൽകിയാൽ മതിയാകും. അപേക്ഷ ലഭിച്ച്, പരിശീലനത്തിന് ആളെ വിട്ടുനൽകുന്നതിന് മുൻപായി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.

Back to top button
error: