MovieNEWS

വിനയൻ കോടീശ്വരന്മാരായ നിർമ്മാതാക്കളെ പിച്ചച്ചട്ടി എടുപ്പിക്കുന്ന സംവിധായകൻ, ഗോകുലം ഗോപാലന് കാർട്ടൂണിസ്റ്റ് സുധീർനാഥിൻ്റെ മുന്നറിയിപ്പ്

വിനയൻ എന്ന സംവിധായകന്റെ പ്രതിഭ തെളിയിച്ച ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്.’ ഈ ചിത്രത്തിലെ ആറാട്ടുപുഴ വേലായുധ പണിക്കരായി വേഷമിടാൻ വിനയൻ ആദ്യം സമീപിച്ചത് പൃഥിരാജിനെയാണ്. തിരക്കാണെന്നു ഭാവിച്ച് പൃഥി പിൻവാങ്ങി. ‘അത്ഭുത ദ്വീപ്’ എന്ന സിനിമയിലൂടെ പൃഥിരാജിനെ താരമാക്കിയ വിനയന് അത് വലിയ ഷോക്കായി. തുടർന്ന് ഉണ്ണി മുകുന്ദൻ, ജയസൂര്യ, നിവിൻ പോളി തുടങ്ങി പല താരങ്ങളെയും വിനയൻ സമീപിച്ചിരുന്നു എന്നാണ് വാർത്ത. പക്ഷേ അവരൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറി.

ഒടുവിലാണ് ‘പത്തൊമ്പതാം നൂറ്റാണ്ടി ‘ലെ നായക കഥാപാത്രമായി സിജു വിത്സൺ വരുന്നത്. ചിത്രം വൻവിജയമായതോടെ ആ കഥാപാത്രം കൈവിട്ടതിൽ പലർക്കും നിരാശ ഉണ്ട് എന്നാണ് പിന്നാമ്പുറ വാർത്തകൾ.
ഈ സിനിമയെക്കുറിച്ച് മികച്ച അഭിപ്രായം പ്രകടിപ്പിച്ച പ്രശസ്ത കാർട്ടൂണിസ്റ്റായ സുധീർനാഥ് പറയുന്നത്, വിനയൻ പ്രൊഡ്യൂസർമാരെ കുത്തുപാള എടുപ്പിക്കുന്ന സംവിധായകനാണ് എന്നാണ്.
വിനയൻ സംവിധാനം ചെയ്ത ‘വെള്ളിനക്ഷത്രം’ നിർമ്മിച്ചത് തൻ്റെ സുഹൃത്തുക്കളായ പണിക്കേഴ്സ് ട്രാവൽസ് ഉടമ ബാബു പണിക്കരും ഇപ്പോൾ വിസ്താര എയർലൈൻസ് വൈസ് ചെയർമാനായ രമേശ് നമ്പ്യാരും ചേർന്നാണത്രേ. വൻ വിജയമായ ഈ സിനിമ നിർമ്മിച്ച ഇരുവർക്കും കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും സുധീർനാഥ് ചൂണ്ടിക്കാട്ടുന്നു. സിനിമയുടെ 100 ദിവസത്തെ വിജയാഘോഷം എറണാകുളം ‘വൈറ്റ് ഫോർട്ടിൽ’ ഉത്സവ സമാനമായി ആഘോഷിച്ചു. ആ ചെലവുകളും നിർമ്മാതാക്കൾ തന്നെ വഹിച്ചു. ചിത്രം സൂപ്പർ ഹിറ്റായെങ്കിലും നിർമ്മാതാക്കൾക്ക് നാലണ പോലും തിരിച്ചു കിട്ടിയില്ലത്രേ. ഇപ്പാൾ സിനിമ എന്നു കേട്ടാൽ തിളച്ച വെള്ളത്തിൽ വീണ പൂച്ചയുടെ അവസ്ഥയിലാണത്രേ ബാബു പണിക്കരും രമേശ് നമ്പ്യാരും. ‘വെള്ളിനക്ഷത്രം’ നിർമ്മാതാക്കളുടെ അനുഭവം പാഠമാകണമെന്ന് ഗോകുലം ഗോപാലനെ ഓർമിപ്പിക്കുകയാണ് കാർട്ടൂണിസ്റ്റ് സുധീർനാഥ്.

സുധീർനാഥിൻ്റെ ഫെയ്സ് പോസ്റ്റിൻ്റെ പൂർണ രൂപം:

“സെപ്തംബർ 9. എറണാകുളം ഷേണായീസ് തീയറ്ററിൽ രണ്ടാം സ്ക്രീനിൽ ഗോകുലം മൂവീസിന്റെ പത്തൊൻപതാം നൂറ്റാണ്ട് കണ്ടു. കന്യാകുമാരി തീവണ്ടി പുലർച്ചെ 1.30 ന് ആയത് കൊണ്ട് സെക്കന്റ് ഷോയാണ് കണ്ടത്. മികച്ച ക്യാമറ വർക്ക്. മികച്ച ആർട്ട് ഡയറക്ഷൻ . മികച്ച വസ്ത്രാലങ്കാരം. കൗതുകമായി തോന്നിയ മറ്റൊന്ന് മാധ്യമ പ്രവർത്തകനായ ദീപക് ധർമ്മടം ബിസിനസുകാരനായ ഗോകുലം ഗോപാലൻ എന്നിവരുടെ ഉജ്വല അഭിനയമാണ്. 24ന്യൂസിന്റെ സീനിയർ ന്യൂസ്‌ എഡിറ്ററായ പ്രിയ സുഹൃത്ത് ദീപക്കിന്റെ വാർത്താ അവതരണം കണ്ടിട്ടുണ്ട്. മൂപ്പരങ്ങ് തകർത്തഭിനയിച്ച് ഈ രംഗത്തും മോശമല്ലെന്ന് തെളിയിച്ചു. ആളെ തിരിച്ചറിഞ്ഞില്ലെന്ന് സിനിമ കണ്ട പ്രശസ്ത നീന്തൽ താരം മുരളീധരൻ പറയുകയുണ്ടായി. വൈദ്യരായി ദീപക്ക് നടത്തിയ അഭിനയം സ്ഥിരം നടൻമാർ കണ്ട് പഠിക്കണം. തിലകനെ ഈ സമയത്ത് ഓർത്ത് പോയതിൽ തെറ്റ് പറയാനാവില്ല. തെരുവ് നാടകവും തട്ടിലെ നാടകവും വാർത്താ നാടകവും പരിചിതമായ ദീപക്കിന് സിനിമാ അഭിനയവും വഴങ്ങും. നിർമ്മാതാവുകൂടിയായ ഗോകുലം ഗോപാലനും തകർത്തഭിനയിച്ചു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ. ക്യാമറ ചെയ്ത ഷാജികുമാർ, കലാ സംവിധാനം ചെയ്ത അജയൻ ചാലിശേരി, വസ്ത്രാലങ്കാരം നിർവ്വഹിച്ച ധന്യാ ബാലകൃഷ്ണൻ എന്നിവർ മികച്ച സംഭാവനകളാണ് നൽകിയത്. വലിയ പ്രതീക്ഷകൾക്ക് വക നൽകുന്നു ഈ മൂവരും. അഭിനന്ദനങ്ങൾ. ആക്ഷനും സംവിധാനവും തരക്കേടില്ല. അഭിനന്ദനങ്ങൾ… ആശംസകൾ.

‘വെള്ളിനക്ഷത്രം’ എന്ന വിനയൻ ചിത്രം നിർമ്മിച്ചത് ഡൽഹിയിലെ എന്റെ പ്രിയ സുഹൃത്തുക്കൾ ചേർന്നാണ്. ചിത്രം വൻ വിജയമായിരുന്നു. പക്ഷെ നിർമ്മാതാക്കൾക്ക് മുടക്കിയതിന്റെ ചെറിയ പങ്ക് പോലും തിരികെ കിട്ടിയില്ല. പത്തൊൻപതാം നൂറ്റാണ്ട് നിർമ്മിച്ച ഗോകുലം മൂവീസിന്റെ ശ്രദ്ധയ്ക്ക് പറഞ്ഞതാണ്…. ഇപ്പോൾ സിനിമാ നിർമ്മാണം എന്ന് കേട്ടാൽ എന്റെ ചങ്ങാതിമാർ ചൂട് വെള്ളത്തിൽ വീണ പൂച്ചയെ പോലാണ്.”

Back to top button
error: