IndiaNEWS

ഭാരത് ജോഡോ യാത്രയിലെ ആ കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ എന്താണ് ?

കൊല്ലം: ഭാരത് ജോഡോ യാത്രയ്ക്കൊപ്പമുള്ള കണ്ടെയ്നറുകളാണ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന വിമർശനങ്ങളിലൊന്ന്. ആഡംബരമെന്ന് ബിജെപിയും അത്യാവശ്യ സൗകര്യങ്ങൾ മാത്രമെന്ന് കോണ്‍‍ഗ്രസും പറയുമ്പോൾ എന്താണ് യാഥാര്‍ഥ്യം? രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോ‍ഡോ യാത്രയിൽ ഇതിനോടകം തന്നെ വലിയ രീതിയിൽ ചർച്ച ആയതാണ് കണ്ടെയ്നറുകൾ. ഈ കണ്ടെയ്നറുകളിൽ 230 പേരാണ് താമസിക്കുന്നത്. ഈ 230 പേരും ഈ ജാഥയിലെ സ്ഥിരം പദയാത്രികരാണ്. ഈ കണ്ടെയ്നറുകളുടെ ഉള്ളിലെ കാഴ്ചകളിലേക്ക്.

നാലു ബെഡുകളുള്ള കണ്ടെയ്നറുണ്ട്. ബെഡ്ഡിന് താഴെ കബോർഡുകളുണ്ട്. മൂന്നു ഫാനുകളാണുള്ളത്. കൂടാതെ എസി സൗകര്യമുണ്ട്. ഇതുപോലെ 1 ബെഡ് മുതൽ 12 ബെഡ് വരെയുള്ള കണ്ടെയ്നറുകളാണ് ഉള്ളത്. 230 യാത്രക്കാർക്ക് വേണ്ടി 60 കണ്ടെയ്നറുകളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നും രണ്ടും ബെഡുകളുള്ള കണ്ടെയ്നറുകളിലാണ് ശുചിമുറി അകത്തുള്ളത്. അല്ലാതെ കണ്ടെയ്നറുകളിൽ കഴിയുന്നവർക്കെല്ലാം പുറത്താണ് ശുചിമുറി ഒരുക്കിയിരിക്കുന്നത്. ഏഴ് ശുചിമുറികളാണ് ഇവർക്കായി ഒരുക്കിയിരിക്കുന്നത്.

Signature-ad

150 ദിവസം പോകേണ്ടുന്ന യാത്രക്കാർക്കുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പു വരുത്തിക്കൊണ്ടാണ് ഈ ക്രമീകരണം ഇവിടെ ചെയ്തിട്ടുള്ളത്. ഇവർക്കുള്ള ഭക്ഷണത്തിനായി സ്ഥിരം മെനുവുണ്ട്. ഭക്ഷണത്തിന് വേണ്ട സാമ​ഗ്രികൾ ഓരോ സംസ്ഥാനത്തെയും പ്രദേശത്ത് ഓരോ ദിവസവും സപ്ലൈ ചെയ്യും. ഭക്ഷണം പാകം ചെയ്യുന്നത് ഇവർ തന്നെയാണ്. കാരണം ഫുഡ് പോയിസൺ പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണിത്.

ഇനി ഈ ജാഥാ സംഘങ്ങളിലുള്ള ആർക്കെങ്കിലും ഒരു അസുഖം വന്നു കഴിഞ്ഞാൽ ആരെയും പുറത്തു കൊണ്ടുപോകേണ്ട ആവശ്യമില്ല. കിടത്തി ചികിത്സിക്കാൻ അടക്കമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. മുഴുവൻ സമയവും ഡോക്ടർമാരുടെ സേവനം ലഭിക്കും. 3 ഡോക്ടേഴ്സാണ് ഉളളത്. 150 ദിവസവും, മുഴുവൻ സമയവും ഇവരുടെ സേവനം ലഭ്യമാകും. വസ്ത്രങ്ങൾ അലക്കുന്നതിനുള്ള സൗകര്യവും ഇതിനുള്ളിലുണ്ട്. ഓരോ 4 ദിവസം കൂടുമ്പോഴും ഈ യാത്രികരുടെയെല്ലാം വസ്ത്രങ്ങൾ അലക്കി കൊടുക്കും. കൂടാതെ ഓരോ കണ്ടെയ്നറുകളിലും വ്യത്യസ്ത ഭാഷകളിൽ ഈ യാത്ര നൽകുന്ന സന്ദേശം രേഖപ്പെടുത്തിയിട്ടുണ്ട്.

Back to top button
error: