ആലപ്പുഴ: തീരദേശ പരിപാലന നിയമം ലംഘിച്ച് വേമ്പനാട് കായൽ കയ്യേറി അനധികൃതമായി നിർമ്മിച്ച കാപിക്കോ റിസോർട്ട് പൊളിച്ച് തുടങ്ങി. കെട്ടിടങ്ങൾ പൊളിച്ച് മാലിന്യം നീക്കം ചെയ്യുന്നതിന് 6 മാസം വേണ്ടിവരുമെന്ന് മാസ്റ്റർ പ്ലാൻ വ്യക്തമാക്കുന്നു. അനധികൃത നിർമ്മാണത്തിന് ഒത്താശ നൽകിയ പഞ്ചായത്ത് അധികൃതർക്കെതിരെ അന്വേഷണമുണ്ടാകുമെന്ന് ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ പറഞ്ഞു
കാപ്പികോ റിസോർട്ടിൻ്റെ 103 ആം നമ്പർ വില്ലയാണ് ഇന്ന് ആദ്യം പൊളിച്ച് നീക്കിയത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കായൽ തീരത്ത് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നിരീക്ഷണത്തിലാണ് പൊളിക്കൽ നടപടികൾ പുരോഗമിക്കുന്നത്. ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 10 മണിയോട് കൂടി നെടിയതുരുത്തിലെത്തി സ്ഥിതി ഗതികൾ വിലയിരുത്തി
ഇന്ന് രണ്ട് വില്ലകളാണ് പൊളിച്ച് നീക്കുക .മുഴുവൻ കെട്ടിടങ്ങളും പൊളിച്ച് മാലിന്യം നീക്കുന്നതിന് ആറ് മാസം വേണ്ടിവരും. കായൽ കൈയേറിയ ഭൂമിക്കും പുറമ്പോക്ക് ഭൂമിക്കും പുറമെ നെടിയ തുരുത്തിൽ കാപ്പികോ കമ്പിനിക്ക് സ്വന്തമായി അവകാശപ്പെട്ട ഭൂമിയും ഉണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു. എന്നാൽ ഇവിടുത്തെ എല്ലാനിർമ്മാണങ്ങളും പൊളിച്ചുമാറ്റും. നിയമലംഘനത്തിന് കൂട്ടുനിന്ന പഞ്ചായത്ത് അധികൃതര്‍ അടക്കമുള്ളവര്‍ അന്വേഷണം നേരിടേണ്ടി വരുമെന്നും കലക്ടർ പറഞ്ഞു.
മത്സ്യ പ്രജനന മേഖല കൂടിയായ കായൽ തീരത്ത് അതീവ ശ്രദ്ധയോടെയാണ് പൊളിക്കൽ നടപടികൾ നടത്തുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2011 ൽ ആണ് കായൽ കയ്യേറി കാപ്പികോ റിസോർട്ട് പണിതുയർത്തിയത്. 2013 ൽ ഹൈക്കോടതിയും 2020 ൽ സുപ്രീം കോടതിയും റിസോർട്ട് പൊളിച്ച് മാറ്റാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ കൊവിഡ് സാഹചര്യം കാരണം റിസോര്‍ട്ട് പൊളിക്കൽ നടപടികൾ നീണ്ടുപോയി.