CrimeNEWS

ഉള്ളവനില്‍നിന്ന് ഇല്ലാത്തവനിലേക്ക്…. മോഷ്ടിച്ച തുക അനാഥാലയങ്ങള്‍ക്ക് സംഭാവന നല്‍കും; മദ്രസകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ‘നല്ലവനായ കള്ളന്‍’ പിടിയില്‍

മലപ്പുറം : ജാറം കമ്മിറ്റി ഓഫിസുകളും മദ്രസകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍. വയനാട് അമ്പലവയല്‍ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) അറസ്‌റ്റ് ചെയ്തത്. മോഷണത്തിന് പിടിയിലായതോടെ മോഷ്ടിച്ച തുക അനാഥാലയങ്ങള്‍ക്ക് സംഭാവന ചെയ്യുന്നുവെന്നാണ് പ്രതി പറയുന്നത്. പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ ദിണ്ഡിഗലില്‍ നിന്നാണ് ഷംസാദിനെ പിടികൂടിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി മോഷണങ്ങള്‍ നടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. പുതുപൊന്നാനി മസാലിഹുല്‍ ഇസ്ലാം സംഘം ഓഫിസിന്റെ വാതില്‍ കുത്തിത്തുറന്ന് 2,60,000 രൂപ മോഷ്ടിച്ച കേസിലാണ് ഷംസാദ് പിടിയിലായത്. തമിഴ്‌നാട്ടിലെ ദിണ്ഡിഗല്‍ വേദ സന്തൂരിലെ മസ്ജിദിലെ ഭണ്ഡാരം കുത്തിത്തുറന്ന കേസില്‍ ഇയാളെ ദിണ്ഡിഗല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിണ്ഡിഗല്‍ പൊലീസുമായി പൊന്നാനി സി ഐ ബന്ധപ്പെട്ടാണ് പൊന്നാനിയിലെത്തിച്ചത്.

ചോദ്യം ചെയ്യലില്‍ മമ്പുറം മഖാം, പാണ്ടിക്കാട് മദ്‌റസ കമ്മിറ്റി ഓഫിസ്, ആലപ്പുഴയിലെ അമ്പലപ്പുഴ മദ്രസ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇരുപതോളം സ്ഥലങ്ങളില്‍ മോഷണം നടത്തിയതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. സി സി ടി വി ഉള്ളിടങ്ങളില്‍ പോലും മുഖം മറയ്ക്കാതെയാണ് പ്രതി മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ച തുകയിലെ വലിയൊരു ഭാഗം അനാഥാലയങ്ങള്‍ക്ക് സംഭാവന ചെയ്യുന്നതാണ് രീതിയെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. മോഷണക്കേസില്‍ രണ്ട് തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊന്നാനി സി ഐ വിനോദ് വലിയാറ്റൂര്‍ പറഞ്ഞു. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി ദിണ്ഡിഗല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്യും.

Back to top button
error: