കൊടുങ്ങല്ലൂര്‍: സി.ഐ.ടി.യു. യൂണിയനില്‍നിന്ന് രാജിവെച്ച് എ.ഐ.ടി.യു.സി.യിലെത്തിയ തൊഴിലാളികള്‍ 24 മണിക്കൂറിനകം മാതൃസംഘടനയിലേക്ക് മടങ്ങി. കോട്ടപ്പുറം ചന്തയിലെ സി.ഐ.ടി.യു. യൂണിയനില്‍നിന്ന് രാജിവെച്ച് എ.ഐ.ടി.യു.സി.യില്‍ ചേര്‍ന്നുവെന്ന് യൂണിയന്‍ അവകാശപ്പെട്ട എട്ട് തൊഴിലാളികളും വീണ്ടും സി.ഐ.ടി.യു.വില്‍ തിരിച്ചെത്തിയതായി സി.ഐ.ടി.യു. നേതൃത്വം. ഇവര്‍ക്കെതിരേ യൂണിയന്‍ എടുത്ത അച്ചടക്കനടപടി പിന്‍വലിച്ചതായും നേതൃത്വം അറിയിച്ചു.
എ.ഐ.ടി.യു.സിയുടെ നിരന്തരമായ സമ്മര്‍ദങ്ങളും വാഗ്ദാനങ്ങളുമാണ് സി.ഐ.ടി.യുവില്‍നിന്ന് രാജിവയ്ക്കാനിടയാക്കിയതെന്നും തെറ്റുപറ്റിയതാണെന്നും തിരിച്ചെടുക്കണമെന്നും കാണിച്ച് സി.ഐ.ടി.യു. കോട്ടപ്പുറം യൂണിയന്‍ സെക്രട്ടറി കെ.എസ്. കൈസാബിന് ഇവര്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് തിരിച്ചെടുക്കുന്നതെന്നും സി.ഐ.ടി.യു. അറിയിച്ചു.
കോട്ടപ്പുറം ചന്തയിലെ പലചരക്കുപൂളിലെ സി.ഐ.ടി.യു. യൂണിയനില്‍നിന്നാണ് കഴിഞ്ഞ ദിവസം എട്ട് തൊഴിലാളികള്‍ രാജിവെച്ച് എ.ഐ.ടി.യു.സി.യില്‍ ചേര്‍ന്നത്. ഇതോടെ ഇവരെ സംഘടനാവിരുദ്ധപ്രവര്‍ത്തനം നടത്തിയതായി ആരോപിച്ച് പുറത്താക്കിയെന്ന് സി.ഐ.ടി.യു. ചന്തയില്‍ ഫ്‌ളക്‌സ് സ്ഥാപിച്ചതോടെയാണ് സി.ഐ.ടി.യു.-എ.ഐ.ടി.യു.സി. തര്‍ക്കം രൂക്ഷമായത്.
എന്നാല്‍, രാജിവെച്ചവരെ 24 മണിക്കൂറിനകം യൂണിയനില്‍ തിരിച്ചെത്തിച്ച് സി.ഐ.ടി.യു, എ.ഐ.ടി.യു.സിക്ക് കനത്ത തിരിച്ചടി നല്‍കി. വൈകീട്ട് നടന്ന ഹെഡ് ലോഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സി.ഐ.ടി.യു.) ഏരിയാ കമ്മിറ്റി യോഗത്തില്‍ രാജിവെച്ചവരെ വിളിച്ചുവരുത്തിയാണ് ചൊവ്വാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയത്.