IndiaNEWS

ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ കൂട്ടാന്‍ തിരക്കേറിയ നഗരവീഥിയിൽ ബൈക്ക് അഭ്യാസം, യുവാക്കള്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമിലും ഫെയ്സ് ബുക്കിലും യൂട്യൂബ് ചാനലിലുമൊക്കെ വരിക്കാരെ വർദ്ധിപ്പിക്കാൻ എന്തെല്ലാം വികൃതികളാണ് പലരും കാട്ടിക്കൂട്ടുന്നതെന്ന് കണ്ടറിയേണ്ടതാണ്. കാട്ടക്കൂട്ടത്തെ വിളറി പിടിപ്പിച്ച മലയാളിയായ യൂട്യൂബർ യുവതിയെക്കുറിച്ച് ഈയിടെയാണ് നാം വായിച്ചത്. അപവാദങ്ങളും അസത്യങ്ങളുമാണ് സമൂഹ മാധ്യമങ്ങൾ കയ്യാളുന്ന പലരുടെയും ശൈലി. മറ്റു ചിലർ സാഹസികതകളിലാണ് അഭിരമിക്കുന്നത്. ചെന്നൈയിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ ബൈക്ക് അഭ്യാസം നടത്തിയ യുവാക്കള്‍ സാഹസികതയിലൂടെ ശ്രദ്ധ നേടാനാണ് ശ്യമിച്ചത്. ഒടുവിൽ പൊലീസ് പിടിയിലായി.

ഓണം അവധിയായ വ്യാഴാഴ്ചയാണ് അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്‍പിലടക്കം അര്‍ദ്ധരാത്രി സൂപ്പര്‍ ബൈക്കുകളുടെ അഭ്യാസ പ്രകടനമുണ്ടായത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. സംഘത്തലവനുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

അവധി ദിവസമായതിനാല്‍ തിരക്കൊഴിവുള്ള റോഡില്‍ കിലോമീറ്ററിലധികമാണ് മുന്‍ടയറുകള്‍ ഉയര്‍ത്തി പ്രതികള്‍ അഭ്യാസ പ്രകടനം നടത്തിയത്. ഇവയെല്ലാം ക്യാമറയിലാക്കുന്നതിനായി വിവിധയിടങ്ങളില്‍ ആളുകളെയും നിര്‍ത്തിയിട്ടുണ്ടായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ പൊലീസ് ഇവരെ തെരഞ്ഞ് പിടിക്കുകയായിരുന്നു.

റേസിങ് ബൈക്കുകളുടെ നമ്പറുകള്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണു കോളജ് വിദ്യാര്‍ഥികളായ മുഹമ്മദ് സൈബാന്‍, മുഹമ്മദ് ഹാരിസ് എന്നിവര്‍ അറസ്റ്റിലായത്. റേസിംഗിനു നേതൃത്വം നല്‍കിയ ഹൈദരാബാദ് സ്വദേശിക്കായി തിരച്ചില്‍ തുടരുകയാണ്.

നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളിലെത്തി വിവിധ അഭ്യാസങ്ങള്‍ നടത്തി ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയാണു ഈ യുവാക്കളുടെ രീതി. ഹൈദരാബാദിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ നടത്തിയ അഭ്യാസങ്ങളുടെ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്നാണ് ഒളിവിലുള്ള പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിലെത്തുന്നത്. രാജ്യത്ത് ഇരുചക്രവാഹന അപകടങ്ങളില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന നഗരമാണു ചെന്നൈ.

Back to top button
error: