മുംബൈ: റോഡ് സുരക്ഷയെ ആസ്പദമാക്കി സൂപ്പര്‍ താരം അക്ഷയ് കുമാര്‍ അഭിനയിച്ച പരസ്യത്തിന് നേരേ വന്‍ വിമര്‍ശനം. സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമാണ് പരസ്യത്തിലേതെന്ന വിമര്‍ശനമാണ് ഉയരുന്നത്.
കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഈ പരസ്യം ട്വീറ്റ് ചെയ്തതോടെയാണ് വലിയ ചര്‍ച്ചയായത്. കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് എയര്‍ബാഗ് നല്‍കുന്ന സുരക്ഷിതത്വത്തെക്കുറിച്ചാണ് പരസ്യം സംസാരിക്കുന്നത്.
പോലീസുദ്യോഗസ്ഥന്റെ വേഷത്തിലാണ് അക്ഷയ് പരസ്യത്തിലെത്തുന്നത്. വിവാഹം കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലേക്ക് പോകുന്ന പെണ്‍കുട്ടിയ്ക്ക് സമ്മാനമായി രണ്ടു എയര്‍ബാഗുകള്‍ മാത്രമുള്ള കാര്‍ നല്‍കുന്നതും അതിന്റെ അപകടം പിതാവിനെ പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു മനസിലാക്കുന്നതുമാണ് പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
വിവാഹത്തിന് സ്ത്രീധനമായി വാഹനങ്ങള്‍ നല്‍കുന്ന മോശമായ സമ്പ്രദായം രാജ്യത്തുണ്ട്. റോഡ് സുരക്ഷയെക്കുറിച്ചുള്ള സന്ദേശം നല്‍കുന്ന പരസ്യത്തില്‍ അതിനെ ഊട്ടിയുറപ്പിക്കുന്നത് അപലപനീയമാണെന്ന് വിമര്‍ശനം ഉയരുന്നു. രാജ്യസഭാ അംഗവും ശിവസേന നേതാവുമായ പ്രിയങ്ക ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെ തുടങ്ങിയവരെല്ലാം പരസ്യത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്.