പത്തനംതിട്ട: നാളത്തെ ( ഞായറാഴ്ച) ആറന്മുള ഉത്രട്ടാതി ജലോത്സവം ചടങ്ങുകൾ മാത്രമായി നടത്തുവാൻ തീരുമാനിച്ചു.
ചെന്നിത്തല പള്ളിയോടം മറിഞ്ഞ് രണ്ട് പേർ മരിച്ച പശ്ചാത്തലത്തിലും ബ്രിട്ടീഷ് രാജ്ഞിയുടെ നിര്യാണത്തിലുള്ള ദേശീയ ദുഃഖാചരണത്തിന്റെ അടിസ്ഥാനത്തിലുമാണ് ഈ തീരുമാനം.വർണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല.
തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ മഹാരാജ് ഒരു മണിക്ക് ജലോത്സവത്തിന്റെ ഭദ്രദീപം പ്രകാശിപ്പിക്കും. ആന്റോ ആന്റണി എംപി വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും. രാമപുരത്ത് വാര്യർ അവാർഡ് സമർപ്പണം പ്രമോദ് നാരായണൻ എംഎൽഎ നിർവഹിക്കും. സജി ചെറിയാൻ എംഎൽഎ സുവനീർ പ്രകാശനം നിർവഹിക്കും.
പള്ളിയോട ശിൽപിയെ ആദരിക്കൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കും. മത്സര വള്ളംകളിയുടെ ഉദ്ഘാടനം മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിക്കും. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ സമ്മാനദാനം നിർവഹിക്കും. കെ. എസ്. മോഹനൻ ക്യാഷ് അവാർഡ് വിതരണം നിർവഹിക്കും.