ലഹോര്‍: അവിശ്വസനീയവും അതിമനോഹരമായ ഒരു പ്രണയ കഥ പാക്കിസ്ഥാനില്‍ നിന്നുള്ള യുട്യൂബ് ചാനല്‍ ‘മേരാ പാകിസ്താന്‍’ ലോകത്തിന് മുന്നിലെത്തിച്ചിരിക്കുന്നു. വനിതാ ഡോക്ടറും അവര്‍ ജോലിചെയ്തിരുന്ന ക്ലിനിക്കിലെ ശുചീകണത്തൊഴിലാളിയും തമ്മിലുള്ള പ്രണയകഥയാണ് വൈറലായിരിക്കുന്നത്. പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ ഓഖ്‌റയിലാണ് സംഭവം. ദിപല്‍പൂരിലെ ക്ലിനിക്കില്‍ ഡോക്ടറായ കിഷ്വര്‍ സാഹിബയും അവിടുത്തെ ശുചീകരണത്തൊഴിലാളി ഷെഹ്സാദുമാണ് കഥയിലെ നായികയും നായകനും.
ക്ലിനിക്കിലെ തന്റെ മുറി വൃത്തിയാക്കാന്‍ എത്തിയപ്പോഴായിരുന്നു കിഷ്വര്‍ ആദ്യമായി ഷെഹ്സാദിനെ കാണുന്നത്. അവിടെയുള്ള മൂന്ന് ഡോക്ടര്‍മാര്‍ക്ക് ചായ കൊടുക്കുന്നതും ഷെഹ്സാദിന്റെ ജോലിയായിരുന്നു. അങ്ങനെ ഇരുവരും പതിവായി കാണാന്‍ തുടങ്ങി.
ഒരു ദിവസം കിഷ്വര്‍, ഷെഹ്സാദിന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചുവാങ്ങി. അതിനുശേഷം ഫോണിലൂടെ പരസ്പരം അറിയാന്‍ തുടങ്ങി. ഒരു ദിവസം ഷെഹ്സാദിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിന് കിഷ്വര്‍ ലൈക്ക് മെസ്സേജ് റിപ്ലൈ നല്‍കി. ശേഷം കിഷ്വര്‍ തന്റെ മനസ് തുറന്നു. ഇഷ്ടമാണെന്ന് ഷെഹ്സാദിനെ അറിയിച്ചു.
എന്നാല്‍, ഇതുകേട്ടപ്പോള്‍ ഷെഹ്സാദ് അമ്പരന്നുപോയി. ഒരു ഡോക്ടര്‍ക്ക് തന്നോട് പ്രണയം തോന്നുമെന്ന് ഷെഹ്സാദ് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. തുടര്‍ന്ന് തനിക്ക് പനി പോലും പിടിച്ചുവെന്നും ഷെഹ്സാദ് യുട്യൂബ് ചാനലില്‍ പറയുന്നു.
ഷെഹ്സാദിന്റെ വ്യക്തിത്വമാണ് തന്നെ ആകര്‍ഷിച്ചതെന്നും അങ്ങനെയൊരാളെ നഷ്ടപ്പെടുത്താന്‍ മനസ് അനുവദിച്ചില്ലെന്നുമാണ് കിഷ്വര്‍ പറയുന്നത്. വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും കിഷ്വര്‍ പറയുന്നു.
ഒടുവില്‍ കടുത്ത എതിര്‍പ്പുകളെ അതിജീവിച്ച് ഇരുവരും വിവാഹിതരായി. എന്നാല്‍, സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ പരിഹസിക്കാന്‍ തുടങ്ങിയതോടെ ഇരുവരും ക്ലിനിക്കിലെ ജോലി ഉപേക്ഷിച്ചു.