
റിയാദ്: സൗദി അറേബ്യയില്‍ ബാങ്ക് ഇടപാടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന സംഘത്തെ റിയാദില്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യക്കാരായ ഒമ്പതംഗ കവര്‍ച്ചാ സംഘമാണ് പിടിയിലായത്. എത്യോപ്യ, സിറിയ, ബംഗ്ലാദേശ് എന്നീ രാജ്യക്കാരാണിവര്‍.
കവര്‍ച്ചാ സംഘത്തിലെ അഞ്ച് എത്യോപ്യക്കാര്‍ അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരാണ്. ബാങ്കില്‍ നിന്നിറങ്ങുന്ന ഇടപാടുകാരെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി കൊള്ളയടിക്കുകയും പണം അപഹരിക്കുകയുമാണ് സംഘം ചെയ്തിരുന്നത്. കവര്‍ച്ചാ സംഘത്തിന് താമസ സൗകര്യമൊരുക്കിയതിനും മൊബൈല്‍ സിം കാര്‍ഡ് നല്‍കിയതിനുമാണ് നാലുപേര്‍ പിടിയിലായത്.
രണ്ട് ബംഗ്ലാദേശികള്‍, ഒരു എത്യോപ്യക്കാരന്, ഒരു സിറിയക്കാരന് എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച നാല് വാഹനങ്ങളാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ഇവരില്‍ നിന്നും 387 സിം കാര്‍ഡുകളും ആയുധങ്ങളും പിടിച്ചെടുത്തു. പ്രാഥമിക നിയമ നടപടികള്‍ സ്വീകരിച്ച ശേഷം പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.






