മീൻപിടുത്തം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് കടലിൽവെച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. നേവിയാണ് വെടിവെച്ചതെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. എന്നാൽ നേവി ഇക്കാര്യം നിഷേധിച്ചതോടെ ബാലിസ്റ്റിക് വിദഗ്ധരുടെസഹായത്തോടെ തീരദേശ പൊലീസ് അന്വേഷണം തുടങ്ങി.
ഉച്ചയ്ക്ക് 12 മണിയോടെ ഫോർട്ടുകൊച്ചിയിൽ ഒന്നര കിലോമീറ്റർ മാറി കടലിലാണ് സംഭവം. മീൻപിടുത്തത്തിനുശേഷം സെബാസ്റ്റ്യനും മറ്റ് 31പേരും കരയിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്തെ കാതിൽ എന്തോ വന്ന് തറച്ചത്. പിന്നിലേക്ക് മറിഞ്ഞവീണ സെബാസ്റ്റ്യന്‍റെ ചെവിയിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടിൽ നിന്ന് വെടിയുണ്ട കണ്ടെടുത്തത്. നാവികസേന പരിശീലനം നടത്തുന്ന ഫോർട്ടു കൊച്ചിയിലെ ഐ.എൻ.എസ് ദ്രോണാചാര്യയോട് ചേർന്ന മേഖലയിലാണ് സംഭവം. നാവികസേനയെന്ന് വെടിവെച്ചതെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയത് ഇതോടെയാണ്.
വിവരമറിഞ്ഞ് പൊലീസും നാവികസേനയും ആശുപത്രിയെത്തി. വെടിയുണ്ട പരിശോധിച്ച നാവിക ഉദ്യോഗസ്ഥർ ഇത് തങ്ങളുടെ തോക്കിൽ നിന്നുളളതല്ലെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ആരാണ് വെടിവെച്ചതെന്നതിൽ ദുരൂഹതയേറിയത്.