IndiaNEWS

പൗരത്വ ഭേദഗതി നിയമം സുപ്രീം കോടതിയില്‍; ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സി.പി.ഐ തുടങ്ങിയവരുള്‍പ്പെടെ അടക്കമുള്ളവര്‍ നല്‍കിയ 143 ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുന്നതിനായി ലിസ്റ്റ് ചെയ്തത്.

റിട്ട് ഹര്‍ജികളില്‍ 2019 ഡിസംബറില്‍ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, ഹര്‍ജികളില്‍ പിന്നീട് വാദം കേള്‍ക്കല്‍ നടന്നിരുന്നില്ല. കേന്ദ്രം കോടതിയില്‍ ശക്തമായി എതിര്‍ത്തതിനാല്‍ നിയമം സ്റ്റേ ചെയ്തിരുന്നില്ല. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹര്‍ജികള്‍ വാദം കേള്‍ക്കുന്നതിനായി സുപ്രീം കോടതി ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ സ്യൂട്ട് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Back to top button
error: