തിരുവനന്തപുരം: കെഎസ്ആർടിസിയെ കൈവിടില്ലെന്നും തുടർന്നും സർക്കാർ സംരക്ഷിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. എന്നാൽ ധനകാര്യ മാനേജ്മെൻ്റിൽ കെഎസ്ആർടിസി ശ്രദ്ധിക്കണം. നിലവിൽ കെഎസ്ആർടിസിയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിവിധ സർക്കാർ വകുപ്പുകൾക്ക് പുതിയ കാർ വാങ്ങുന്നതിൽ നിയന്ത്രണം കൊണ്ടു വരുമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാവർക്കും വലിയ കാറുകൾ വാങ്ങേണ്ട ആവശ്യമില്ല. സഞ്ചരിക്കുന്ന ദൂരം കൂടി പരിഗണിച്ച് മാത്രമേ ഇനി വാഹനങ്ങൾ അനുവദിക്കൂ. എല്ലാവരും വലിയ വാഹനങ്ങൾ വാങ്ങാൻ അനുമതി തേടുന്ന നിലയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ രീതി അവസാനിപ്പിക്കും. ഇക്കാര്യത്തിൽ വ്യക്തത വരുത്തി കൊണ്ട് ധനവകുപ്പ് പ്രത്യേക ഉത്തരവ് ഉടൻ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കയുണ്ടെന്നും എന്നാൽ കാര്യങ്ങൾ അപകടകരമായ നിലയിൽ എത്തിയിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.