കനത്ത ചൂടിലാണ് ക്യൂ നിന്നത് ..
പിന്നെ കൊറോണ പേടിയുമുണ്ടായിരുന്നു.
പത്തുമണി പോലുമായിരുന്നില്ല.അതിനുമുമ്പേ ഇത്രയും നീണ്ട ലൈൻ.അതും റേഷൻ കടയും മാവേലി സ്റ്റോറും കോഴിക്കടകളും വരെ ആളും അനക്കവുമില്ലാതെ ഒഴിഞ്ഞു കിടക്കുമ്പോൾ…ഞാൻ ഒന്നുകൂടി തലവെട്ടിച്ച് ബോർഡിലേക്ക് എത്തി നോക്കി.അതന്നെ ബെവ്കോ, തെറ്റിയിട്ടില്ല!
പിന്നിൽ നിന്നവനും മൂന്നിൽ നിന്നവനും എന്നല്ല,എനിക്കുപോലും മാസ്കില്ലായിരുന്നു.കമ്പിയി ഴകൾക്കിടയിലൂടെ കുപ്പികൾ എറിഞ്ഞു തരുന്നവനും.
മാസ്ക് വാങ്ങാൻ താൽപ്പര്യമില്ലാഞ്ഞിട്ടല്ല, പക്ഷെ സമയം കിട്ടണ്ടെ!
അല്ലെങ്കിലും നമുക്ക് അത്യാവശ്യം വേണ്ട സാധനം കിട്ടുന്ന സ്ഥലത്തല്ലേ ആദ്യം പോകേണ്ടത്.അതിനാലാണ്ചൂട് വകവയ്ക്കാതെ പത്തുമണിക്ക് മുമ്പുതന്നെ ക്യൂവിൽ സ്ഥാനം പിടിച്ചത്.പക്ഷെ ഇതൊരുമാതിരി..
അങ്ങനെ ക്യൂവിൽ നിന്ന് ഞെളിപിരി കൊള്ളുമ്പോഴായിരുന്നു വാട്സാപ്പ് ചിലച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി..
തീയറ്ററുകളും ആരാധനാലയങ്ങളും അടച്ചിടുന്നു..
പരീക്ഷകൾ ഉപേക്ഷിക്കുന്നു.
അങ്ങനെ പലതും!
ആകെ ആശങ്ക തോന്നി.
ആ ശങ്ക മൂത്രശങ്കയായി മാറാൻ അധിക സമയം എടുത്തില്ല.
പക്ഷെ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുകയോ തുപ്പുകയോ ചെയ്യാൻ പാടില്ല. ഒരു വർഷം തടവും പതിനായിരം രൂപയുമാണ് ശിക്ഷ.തന്നെയുമല്ല ക്യൂവിൽ നിന്ന് ഒന്ന് മാറിയാൽ പിന്നെ വീണ്ടും പുറകിൽ തന്നെ പോയി നിൽക്കേണ്ടിയും വരും..
സഹിക്കുക, അല്ലാതിപ്പോൾ എന്തുചെയ്യാൻ!
അല്ലെങ്കിലും മാർഗത്തിൽ വെല്ലുവിളികളേറുന്തോറും പോരാളിയുടെ വീര്യവും വർധിക്കുമെന്നാണല്ലോ ചൊല്ല്… കൊടുക്കുന്ന കാശിനനുസരിച്ച് മദ്യത്തിന്റെ വീര്യമെങ്കിലും ഒന്നു വർദ്ധിപ്പിച്ചാൽ മതിയായിരുന്നു.
എന്റെ ആത്മഗതം അൽപ്പം ഉച്ചത്തിലായിപ്പോയിട്ടാവണം മുന്നിൽ നിന്നവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി.കൈയ്യിലിരുന്ന കാശ് എണ്ണിയിട്ടും എണ്ണിയിട്ടും തൃപ്തി വരാതെയെന്നവണ്ണം അയാൾ തുപ്പലുതൊട്ട് വീണ്ടും വീണ്ടും എണ്ണുന്നുണ്ടായിരുന്നു.
പലരുടെയും കൈകളിൽക്കൂടി കയറിയിറങ്ങി വന്ന നോട്ടുകളാണത്…
സഹോദരാ കൊറോണ പകരും എന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നു.പക്ഷെ അപ്പോഴേക്കും അയാളുടെ ഊഴമെത്തിയിരുന്നു.പരൽമീൻ പോകുന്ന മാതിരി അയാൾ ചുറ്റിവളച്ചു കെട്ടിയ കമ്പികൾക്കിടയിലൂടെ സാധനവും വാങ്ങി കടന്നുപോയി.
അടുത്തത് എന്റെ ഊഴമായിരുന്നു.പ്രിയപ്പെട്ട ബ്രാൻഡിന്റെ പേര് പറഞ്ഞ് കാശ് കൊടുക്കുന്നതിനിടയിൽ ഞാൻ പതിയെ തിരക്കി:
“കട അനിശ്ചിത കാലത്തേക്കെങ്ങാനും അടച്ചിടേണ്ടി വരുമോ സാർ.. സ്കൂളുകളും കോളജുകളും എല്ലാം അടച്ചു.അതോണ്ടാ…”
അയാൾ ആദ്യം കാണുന്നവനെപ്പോലെ എന്നെ നോക്കി പുച്ഛത്തിൽ ഒന്നു ചിരിച്ചു.പിന്നെ ഇഷ്ടബ്രാൻഡിനോടൊപ്പം ബില്ലും ബാക്കി കാശും എണ്ണി തന്നു.അല്ല, എറിഞ്ഞ്..
എന്റെ മുന്നിൽ നിന്നവൻ തുപ്പൽ തൊട്ട് എണ്ണിയ നോട്ടുകളും അതിലുണ്ടാവാം.ഞാൻ ഒന്ന് അറച്ചുനിന്നപ്പോഴേക്കും പിന്നിൽ നിന്നവൻ എന്നെ തോണ്ടാൻ ആരംഭിച്ചു കഴിഞ്ഞിരുന്നു.
തോണ്ടലിൽക്കൂടി കൊറോണ പകരുമോന്ന് അറിയില്ല. പക്ഷെ കാശിനെയും കാശ് കിട്ടുന്നിടത്തേയുമൊന്നും കൊറോണ ബാധിക്കില്ല എന്ന് എനിക്കപ്പോൾ ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞിരുന്നു.
എങ്കിലും ഞാൻ രണ്ടു മൂന്ന് തവണ നീട്ടിയൊന്നു തുമ്മി…
വേണ്ടിയിട്ടായിരുന്നില്ല.
ചുമ്മാ ഒരു രസം..
കൊറോണ.. കൊറോണ എന്ന ആക്രോശമോ പിന്നിലെ നീണ്ട വരി കൊറേണ ലക്ഷണമോ കണ്ണിമുറിയലോ ഒന്നും ഉണ്ടായില്ല.അല്ലെങ്കിലും ഈ കുടിയന്മാർക്ക് പണ്ടുതൊട്ടേ ഒന്നിനെയും പേടിയുള്ള കൂട്ടത്തില്ലല്ലോ..!!
അതിലുപരി പണം വീഴുന്നിടത്ത് കൊറോണയെന്നല്ല ഒരു വൈറസും പടരുകയുമില്ല…
അങ്ങനെ സാധനവുമായി തെല്ലൊരു അഹങ്കാരത്തോടെ പുറത്തിറങ്ങി സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുമ്പോഴായിരുന്നു അത്..
എവിടെയോ മറഞ്ഞു നിന്നിരുന്ന കാക്കിധാരികൾ പെട്ടെന്ന് ഓടിയെത്തി..
സാറെ ഞാൻ അടിച്ചിട്ടില്ല..
വാങ്ങിയതേയുള്ളൂ..
ബില്ല് കൈയ്യിലുണ്ട്..
“ഊതെടാ..”
“വേണ്ട സാറെ കൊറോണ പകരും ‘
“എടാ ഊതാൻ..”
“ഇത് അന്യായമാണ് സാർ..”
“മര്യാദയ്ക്ക് പറഞ്ഞാൻ നീയപ്പൊ കേൾക്കില്ല,അല്ലേ..?”
ഒടുവിൽ ഞാൻ ആ അടവ് തന്നെ പുറത്തെടുത്തു.
“സാറെ,എനിക്കുവേണ്ടിയല്ല. ബന്ധുക്കൾ രണ്ടു പേർ ഇന്നലെ ഇറ്റലിയിൽ നിന്നും വന്നിട്ടുണ്ട്. അവർക്കു വേണ്ടിയാ..”
പൊലീസുകാർ ഒട്ടൊരു സംശയത്തോടെ ഉറ്റുനോക്കുന്നതിനിടയിൽ ഞാൻ ആഞ്ഞൊന്ന് തുമ്മി, ഉച്ചത്തിൽ ചുമച്ചു,കഫം ആവുന്നത്ര ശക്തിയിൽ നീട്ടിയും തുപ്പി..
“കേറ് കഴ്ബർടമോനെ ജീപ്പിലേക്ക്.. പൊതുസ്ഥലത്ത് തുപ്പുന്നത് ശിക്ഷാർഹമാണെന്ന് അറിയില്ലേ..!”
അപ്പോഴായിരുന്നു ഞാനത് ഓർത്തു തന്നെ !!
“എന്റെ പിഴ! എന്റെ പിഴ!! എന്റെ ഏറ്റവും വലിയ പിഴ !!!”
വിലപിക്കുന്നതിനിടയിൽ തന്നെ പൊലീസുകാർ എന്നെ തൂക്കി ജീപ്പിലേക്ക് ഇട്ടു.
“അതേടാ! പതിനായിരം രൂപയും ഒരു വർഷം തടവും !!
മുന്നൂറ് രൂപയുമായി ജവാൻ മേടിക്കാൻ ഇറങ്ങിയതാണ്..
എന്റെ ഉള്ളൊന്നു കാളി.എങ്കിലും ഞാൻ അവസരത്തിനൊത്ത് ഉയർന്നു.
“സാറെ രണ്ടുമൂന്ന് ദിവസമായി ചെറിയൊരു പനിയും ചുമയും. കൊറോണയാണോന്ന് ഒരു സംശയം.ആരോ പറഞ്ഞു മദ്യം വാങ്ങി കഴിച്ചാൽ മതി മാറുമെന്ന്..അതിനൽപ്പം വാങ്ങാൻ വേണ്ടി ഇറങ്ങിയതാ,ഉപദ്രവിക്കരുതേ..”
അതേറ്റു.ഏതോ ആശുപത്രിയുടെ ഐസൊലേഷൻ വാർഡിലാണ് ഞാനിപ്പോൾ.ജവാൻ അവരും കൊണ്ടുപോയി.
കൊണ്ടുപോയ്ക്കോട്ടെ,വിരോധമില്ല. പക്ഷെ ഇതിനിടയിൽ എനിക്കു ചിലത് പറയാനുണ്ട്.ചന്ദ്രനിൽ പോകുന്നവരുടെ വസ്ത്രവും ധരിച്ച് ഇവിടിങ്ങനെ ഒറ്റയ്ക്ക് കിടക്കുമ്പോൾ തോന്നിയതാണ്.
ശുദ്ധമായ മദ്യവും മാന്യമായ വിലയും പൗരന്റെ അവകാശമാണ്.അതിൽ സദാചാരം കൊണ്ടുവന്ന് ഒഴിക്കരുത്..ഇനി അത്യാവശ്യമാണെങ്കിൽ സോഡയാണ് നല്ലത്.തണുപ്പിച്ചതെങ്കിൽ അത്യുത്തമം!
പിന്നെ, ഊതിപ്പിച്ച് നാറ്റിക്കുകയോ
കുത്തിന് പിടിച്ച് പിഴ അടപ്പിക്കുകയോ ചെയ്യരുത്.പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ..
കൊറോണ പകരും.
ഓരോ ബഡ്ജറ്റിനുശേഷവും യാതൊരു പരാതിയോ പരിഭവമോ ഇല്ലാതെ ഞങ്ങൾ വില കൂട്ടിക്കൂട്ടി കൊടുക്കുന്നുണ്ടെന്നുള്ള കാര്യവും മറക്കരുത്.ചെയ്തു തരുന്ന ഉപകാരത്തിന് സ്മരണ വേണം ഏമാൻമ്മാരെ സ്മരണ..
ഞങ്ങൾ ഒരാഴ്ച വേണ്ടെന്നുവെച്ചാൽ ഇല്ലാതെയാകാവുന്നതേയുള്ളൂ കുറഞ്ഞത് ആറുമാസത്തെയെങ്കിലും നിങ്ങളുടെയൊക്കെ ശമ്പളം ..!
വിലയുടെ നാലിരട്ടി കൊടുത്ത്, അതും നട്ടവെയിലത്ത് മണിക്കൂറോളം വരി നിന്ന് വാങ്ങി, പുറത്തു വന്ന് ഓട്ടോയോ സ്കൂട്ടറോ കാറോ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ ഓടിവന്ന് പിടികൂടി ഊതിപ്പിക്കാൻ നിങ്ങൾ കാട്ടുന്ന വ്യഗ്രത മറ്റു പല കാര്യങ്ങളിലും കണ്ടിരുന്നെങ്കിൽ എന്നേ ഈ നാട് നന്നായേനേം..!
കുടുംബകലഹം ഒഴിവാക്കാനായി ഒഴിഞ്ഞ കോണിലോ ആരാന്റെയൊക്കെ പറമ്പിലോ കുന്തിച്ചിരുന്ന് ഒറ്റശ്വാസത്തിൽ പിടിപ്പിച്ച്,അച്ചാറിന്റെ പോലും രുചിയില്ലാതെ ചിറിയും തുടച്ച് ഇറങ്ങിവരുന്നവനെ ഇനിമേൽ ഓടിച്ചിട്ടുപിടിച്ച് കുനിച്ചു നിർത്തി കൂമ്പിനിടിക്കുമ്പോൾ ഇതൊക്കെയൊന്ന് ഓർക്കണെ സാറന്മാരെ…
ബാറിൽ പോകാൻ പണമില്ലാത്തതുകൊണ്ടാണ് ….!!