CareersNEWS

ബി.ഡി.എസും ഇനി അഞ്ചരവര്‍ഷം

ന്യൂഡല്‍ഹി: എം.ബി.ബി.എസ്. പോലെ ബി.ഡി.എസും (ഡെന്റല്‍ യു.ജി.) അഞ്ചരവര്‍ഷമാകുന്നു. സെമസ്റ്റര്‍ സമ്പ്രദായം, ഒരുവര്‍ഷ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ്, പുതിയ വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനുള്ള കരടുമാര്‍ഗനിര്‍ദേശങ്ങള്‍ ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു.

കോഴ്സിന്റെ കാലാവധി വര്‍ധിപ്പിക്കുന്നതാണ് പാഠ്യപദ്ധതിയിലെ പ്രധാന മാറ്റം. നിലവില്‍ നാലുവര്‍ഷ കോഴ്സും ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പുമെന്നത് (ഹൗസ് സര്‍ജന്‍സി) എം.ബി.ബി.എസിനു സമാനമായി നാലര വര്‍ഷ കോഴ്സും ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പുമായി മാറും.

Signature-ad

വാര്‍ഷിക സമ്പ്രദായം അവസാനിപ്പിച്ച് സെമസ്റ്റര്‍ സംവിധാനം നടപ്പാക്കും. ആകെ ഒന്‍പതു സെമസ്റ്ററുകള്‍. ഓരോന്നിലും നാലു വിഷയങ്ങള്‍. ഇതില്‍ ആദ്യ രണ്ടെണ്ണം പൂര്‍ത്തിയാക്കിയശേഷം അടുത്തതു പഠിക്കാന്‍ അവസരമുണ്ടാകും. വിദ്യാര്‍ഥികളിലെ അധികസമ്മര്‍ദം ഒഴിവാക്കാനാണിത്. ഇലക്റ്റീവ്, ഫൗണ്ടേഷന്‍ എന്നിങ്ങനെ കോഴ്സുകളെ രണ്ടായി തിരിക്കും. മെഡിക്കല്‍ ബയോ എത്തിക്‌സ് ഉള്‍പ്പടെയുള്ള കോഴ്സുകള്‍ ഫൗണ്ടേഷനില്‍ ഉള്‍പ്പെടുത്തും. സ്ലീപ് ഡെന്റിസ്ട്രി, ഫൊറന്‍സിക് ഓഡന്റോളജി, സാമൂഹികനീതി, യോഗ, പരിസ്ഥിതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളാകും ഇലക്ടീവിലുണ്ടാവുക. കായികം, യോഗ തുടങ്ങിയ വിഷയങ്ങള്‍ക്കു പ്രത്യേകം ക്രെഡിറ്റു പോയന്റുകള്‍ നല്‍കും. ഇതിലൂടെ അക്കാദമിക് വിഷയങ്ങള്‍ക്കൊപ്പം മറ്റു വിഷയങ്ങളിലും വിദ്യാര്‍ഥികള്‍ പ്രാവീണ്യരാകും.

നിര്‍ദേശങ്ങള്‍ കേന്ദ്രം അംഗീകരിച്ചാല്‍ അടുത്തവര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്നു ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. ദിബ്യേന്തു മജുംന്താര്‍ പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങള്‍ പാഠ്യപദ്ധതിയില്‍ വരുത്തണമെന്നു നിര്‍ദേശം ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ പലതവണ മുന്നോട്ടുവെച്ചതാണെന്നു അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ഡോ. ദീപു പറഞ്ഞു.

 

 

Back to top button
error: