കൊല്ലം: പരവൂരില്‍ വയോധികനെ അയല്‍വാസി കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. പൂതക്കുളം ഇടയടിയില്‍ ചരുവിള പുത്തന്‍വീട്ടില്‍ ഗോപാലന്‍ (76) ആണ് മരിച്ചത്. ചരുവിളവീട്ടില്‍ അനില്‍കുമാറിനെ (42) പോലീസ് കസ്റ്റഡിയിലെടുത്തു.
അനില്‍കുമാറും ഗോപാലനും തമ്മില്‍ നേരത്തേ വാക്കുതര്‍ക്കമുണ്ടായി. വീടിന്റെ മുറ്റത്ത് ഫോണില്‍ സംസാരിച്ചുനില്‍ക്കുകയായിരുന്ന ഗോപാലനെ പിന്നിലൂടെയെത്തിയ അനില്‍കുമാര്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ ഗോപാലനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പ്രതിയെ സംഭവസ്ഥലത്തുനിന്നുതന്നെ പോലീസ് പിടികൂടി.
സരസ്വതിയാണ് ഗോപാലന്റെ ഭാര്യ. മക്കള്‍: രേണുക, രോഹിണി, ഉദയകുമാര്‍. മരുമക്കള്‍: ബൈജു, ലിഡിയ. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.