IndiaNEWS

രാജ്പഥിന്റെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍,രാജ്പഥും സെന്‍ട്രല്‍ വിസ്ത പുല്‍ത്തകിടിയും ഇനി കര്‍ത്തവ്യപഥ്

ന്യൂഡല്‍ഹി: രാജ്പഥിന്റെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍. രാജ്പഥും സെന്‍ട്രല്‍ വിസ്ത പുല്‍ത്തകിടിയും ഉള്‍പ്പടെയുള്ള ഭാഗം കര്‍ത്തവ്യപഥ് എന്നാകും അറിയപ്പെടുക. രാഷ്ട്രപതിഭവന്‍ മുതല്‍ നേതാജി പ്രതിമ വരെയുള്ള മുഴുവന്‍ ഭാഗത്തിന്റെയും പേരാണ് മാറ്റുന്നത്. സെപ്റ്റംബര്‍ ഏഴിന് ന്യൂ ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രത്യേക യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. നവീകരിച്ച രാജ്പഥിന്റെയും സെന്‍ട്രല്‍ വിസ്ത പുല്‍ത്തകിടിയുടെയും ഉദ്ഘാടനം വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കാനിരിക്കെയാണ് പേരു മാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന ജോര്‍ജ് അഞ്ചാമന്‍ രാജാവിനോടുള്ള ബഹുമാന സൂചകമായാണ് കിങ്‌സ് വേ എന്ന പേര് ഉപയോഗിച്ചിരുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം കിങ്‌സ് വേ അതിന്റെ ഹിന്ദി മൊഴിമാറ്റമായ രാജ്പഥ് ആയി മാറി. കൊളോണിയല്‍ കാലത്തിന്റെ അവസാന ശേഷിപ്പും ഇല്ലാതാക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് പേര് മാറ്റമെന്നാണ് വിവരം. കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയില്‍, നാവിക സേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി പ്രകാശനം ചെയ്തിരുന്നു. സെന്റ് ജോര്‍ജ് ക്രോസിന്റെ ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ചതായിരുന്നു നാവിക സേനയുടെ പഴയ പതാക. അശോക സ്തംഭവും ഛത്രപതി ശിവജിയുടെ നാവികസേന മുദ്രയുള്ളതുമാണ് പുതിയ പതാക.

 

 

Back to top button
error: