കോഴിക്കോട്: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ച കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍, 1984 ലെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ പങ്കാളിയായ വിമുക്തഭടന്‍. പുന്നശ്ശേരി കട്ടയാട്ട് ദിനേശന്‍ (61) ആണ് ക്രൂരമായ മര്‍ദനത്തിന് ഇരയായത്.
17 വര്‍ഷം സൈനിക സേവനം നടത്തിയ ദിനേശന്‍, 11 വര്‍ഷമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുരക്ഷാ വിഭാഗം ജീവനക്കാരനാണ്. കോട്ടൂളി മാടക്കുനിത്താഴം സ്വദേശിയായ ദിനേശനും ഭാര്യയും രണ്ടു പെണ്‍മക്കളും 7 വര്‍ഷം മുന്‍പാണ് പുന്നശ്ശേരിയില്‍ താമസമാക്കിയത്. ഒട്ടേറെ സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലൂടെയാണ് കുടുംബം കടന്നു പോകുന്നത്. നിയമപരമായ എല്ലാ പരിരക്ഷയും വിമുക്ത ഭടന്‍മാരുടെ സംഘടന ലഭ്യമാക്കുമെന്ന് ദിനേശന്‍ പറഞ്ഞു.
കഴിഞ്ഞ 31ന് രാവിലെയാണ് ദിനേശനും സഹപ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകനും മര്‍ദനമേറ്റത്. പരുക്കേറ്റ ദിനേശന്‍ ആദ്യം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു ചികിത്സ തേടിയത്. അന്നു രാത്രി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ശേഷം അസഹനീയ വേദന തുടങ്ങിയതോടെ ബന്ധുക്കളുടെ സഹായത്താല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇനിയും ജോലിക്കു പോയാല്‍ എന്താകുമെന് ആശങ്കയിലാണ് ദിനേശന്റെ കുടുംബം.