രാജ്യത്ത് ആരോഗ്യമേഖല എത്ര പുരോഗമിച്ചുവെന്ന് പറയുമ്പോഴും പല സംസ്ഥാനങ്ങളിലും ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും അവസ്ഥകള്‍ പരിതാപകരം തന്നെയാണ്. പലപ്പോഴും ഇതിന് തെളിവായി പല സംഭവങ്ങളും പുറത്തുവരാറുണ്ട്. സമാനമായൊരു സംഭവമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ശ്രദ്ധ നേടുന്നത്.
മദ്ധ്യപ്രദേശിലെ സെഹോറിലാണ് സംഭവം നടന്നത്. ആംബുലൻസ് ലഭ്യമല്ലാത്തതിനാല്‍ യുവാവിന്‍റെ മൃതദേഹം ബൈക്കില്‍ വീട്ടിലെത്തിക്കുന്ന ആളുകളെയാണ് വീഡിയോയില്‍ കാണുന്നത്. പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാൻ പോയ ഇുപത്തിയാറുകാരൻ മുങ്ങിമരിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസെത്തി തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തിയെങ്കിലും ഇത് തിരികെ വീട്ടിലെത്തിക്കാൻ ആംബുലൻസ് ലഭിച്ചില്ല. ആംബുലൻസിനായി ബന്ധുക്കള്‍ ഏറെ ശ്രമിച്ചുവത്രേ. എന്നാല്‍ ഇത് ലഭിക്കില്ലെന്ന് മനസിലായതോടെ ബൈക്കില്‍ രണ്ട് പേര്‍ക്കിടയിലായി മൃതദേഹം വച്ച് പോകാൻ തീരുമാനിക്കുകയായിരുന്നു.
ഇതിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മനസിനെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണിതെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാൻ അധികൃതര്‍ ശ്രദ്ധിക്കണമെന്നുമാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.
#MadhyaPradesh: Kin forced to carry a youth's body on a bike after they failed to get an #Ambulance in Chayani village of #Sehore district. pic.twitter.com/5qfImtwJes
— Free Press Journal (@fpjindia) September 3, 2022
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഛത്തീസ്ഗഢില്‍ മകളുടെ മൃതദേഹവും ചുമന്ന് ഒരു പിതാവ് പത്ത് കിലോമീറ്ററോളം നടന്ന സംഭവം വാര്‍ത്തകളില്‍ കാര്യമായ ഇടം നേടിയിരുന്നു. ഇതിന്‍റെ വേദനാജനകമായ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ അന്ന് വൈറലായിരുന്നു.
അതിന് മുമ്പ് സമാനമായ രീതിയില്‍ മകളുടെ മൃതദേഹം കട്ടിലില്‍ കെട്ടി പിതാവടക്കം ചുമന്ന് 35 കിലോമീറ്റര്‍ നടന്ന ദാരുണമായ സംഭവവും മദ്ധ്യപ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പതിനാറുകാരിയായ മകള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യാൻ മൃതദേഹം ആശുപത്രിയിലെത്തിക്കാൻ പണമില്ലാത്തതിനെ തുടര്‍ന്നായിരുന്നു പിതാവ് മകളുടെ മൃതദേഹം കട്ടിലില്‍ കെട്ടി ചുമന്നുകൊണ്ടുപോയത്. ഇതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.