NEWS

കേരളത്തിൽ  നിന്നും ബംഗളൂരുവിലേക്ക് ഒരു എളുപ്പവഴി

യുവാക്കളുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരും കര്‍ണ്ണാടകയിലെ ബെംഗളുരും. ട്രിപ്പിന്റെ ഭാഗമായും കൂട്ടുകാരോടൊത്ത് അടിച്ചുപൊളിക്കാനുമായി അങ്ങോട്ടേക്കും ഇങ്ങോട്ടേയ്ക്കും യാത്ര ചെയ്യുന്നവര്‍ ഏറെയുണ്ട്.സാധാരണഗതിയില്‍ കോയമ്പത്തൂരില്‍ നിന്നും 364 കിലോമീറ്ററാണ് ബെംഗളുരുവിലെത്താന്‍ സഞ്ചരിക്കേണ്ടത്. തിരുപ്പൂര്‍-ഈറോഡ്-സേലം-ധര്‍മ്മപുരി-ഹൊസൂര്‍ വഴി ബെംഗളുരുവിലെത്തുന്ന ഈ യാത്ര ഇത്തിരി മുഷിപ്പുണ്ടാക്കുന്നതാണ്. കഠിനമായ വെയിലും നഗരത്തിലെ ബ്ലോക്കിലൂടെയും പൊടിയിലൂടെയും ഉള്ള യാത്ര പെട്ടന്നുതന്നെ മടുക്കുന്ന ഒന്നാണ്.എന്നാല്‍ കോയമ്പത്തൂരില്‍ നിന്നും ബെംഗളുരുവിലേക്ക് ഒരു എളുപ്പവഴി ഉള്ള കാര്യം അറിയുമോ… നഗരത്തിന്റെ ബഹളങ്ങള്‍ ഇല്ലാതെ, ഗ്രാമങ്ങളെയും നാട്ടുജീവിതങ്ങളെയും കണ്ടറിഞ്ഞുള്ള ഒരു യാത്ര. ബൈക്ക് റൈഡേഴ്‌സിന് പരീക്ഷിക്കാന്‍ പറ്റിയ മികച്ച റൂട്ടായ ഇതിനെ പരിചയപ്പെടാം…
പാലക്കാടു നിന്നും വരുന്നവര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന ഒരു വഴിയാണിത്. പാലക്കാട് നിന്നും കോയമ്പത്തൂരിലേക്ക് വെറും 53 കിലോമീറ്റർ ദൂരം മാത്രമേയുള്ളു.
കോയമ്പത്തൂരില്‍ നിന്നും ബെംഗളുരുവിലേക്കുള്ള യാത്രയുടെ ആദ്യ സ്ഥാനം എന്നു പറയുന്നത് സത്യമംഗലം ആണ്. ഏകദേശം 68 കിലോമീറ്ററാണ് കോയമ്പത്തൂരില്‍ നിന്നും അന്നൂര്‍-പുളിയമ്പെട്ടി വഴി സത്യമംഗലത്തെത്താന്‍ സഞ്ചരിക്കേണ്ടത്. മറ്റു റോഡുകളില്‍ നിന്നും വ്യത്യസ്തമായി തണല്‍ നിറഞ്ഞ വഴികളും കാഴ്ചകളും ആണ് ഈ റൂട്ടിന്റെ പ്രധാന ആകര്‍ഷണം. ഈ വഴിയിലെ പ്രധാന ആകര്‍ഷണങ്ങള്‍ എന്നു പറയുന്നത് ക്ഷേത്രങ്ങളാണ്. തീര്‍ഥാടകര്‍ ധാരാളമായി എത്തിച്ചേരുന്ന പുളിയാമ്പട്ടി കരിവരത്തരാജ പെരുമാള്‍ ക്ഷേത്രം, കാമാത്തിഅമ്മന്‍ ക്ഷേത്രം എന്നിവയാണ് ക്ഷേത്രങ്ങള്‍.
കോയമ്പത്തൂരില്‍ നിന്നും ആരംഭിച്ച യാത്ര സത്യംമഗലത്തെത്തി അവിടുന്ന് തുടരുകയാണ്. ഇനിയുള്ള പ്രധാന സ്ഥലം എന്നു അന്തിയൂര്‍ ആണ്. സത്യമംഗലത്തു നിന്നും അന്തിയൂരിലേക്ക് 42.5 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഈ വഴിയുടെ പ്രത്യേകതയും ക്ഷേത്രങ്ങള്‍ തന്നെയാണ്. കൂടാതെ തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ഭവാനി സാഗര്‍ ഡാമും ഈ യാത്രയില്‍ സന്ദര്‍ശിക്കാം. അവസരം കിട്ടിയാല്‍ ഡാമില്‍ പോകാനും നല്ല ഫോട്ടോകള്‍ കിട്ടാനും ഒരു അവസരമായിരിക്കും.
മുന്‍പ പറഞ്ഞതുപോലെ സത്യമംഗലം-അന്തിയൂര്‍ തീര്‍ഥാടകര്‍ക്കും പറ്റിയ ഒരു റൂട്ടാണ്. ആരും ഒരിക്കലെങ്കിലും പോകരാന്‍ ആഗ്രഹിക്കുന്ന ക്ഷേത്രങ്ങളാണ് ഈ വഴിയുടെ പ്രത്യേകത.ഭവാനി നദിയുടെ സമീപത്തുള്ള ഭവാനീശ്വര ക്ഷേത്രം, മുനേശ്വര്‍ ക്ഷേത്രം, ശ്രീ രാമ ക്ഷേത്രം,പരമേശ്വരി ക്ഷേത്രം,കല്ലിപ്പാട്ടി പെരുമാള്‍ കോവില്‍, അന്തിയൂര്‍ ഭദ്രകാളിഅമ്മന്‍ കോവില്‍, ഗുരുനാഥസ്വാമി ക്ഷേത്രം തുടങ്ങിയ പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ക്ക് സമീപത്തുകൂടെയാണ് ഈ വഴി കടന്നു പോകുന്നത്.
അന്തിയൂരില്‍ നിന്നും ഇന്നി അമ്മാപേട്ടെയിലേക്കാണ് യാത്ര. ഏകദേശം 26 കിലോമീറ്ററാണ് അന്തിയൂരില്‍ നിന്നും അമ്മാപേട്ടയിലേക്ക് സഞ്ചരിക്കേണ്ടത്.പാട്‌ലൂര്‍ വഴി തികച്ചും ഗ്രാമീണത നിറഞ്ഞ, ബഹളങ്ങള്‍ ഒന്നും ഇല്ലാത്ത റോഡിലൂടെയുള്ള യാത്ര അതുവരെയുള്ള യാത്രകളുടെ ക്ഷീണം തീര്‍ക്കാന്‍ പര്യാപ്തമായ ഒന്നാണ് എന്നതില്‍ സംശയമില്ല.അന്തിയൂര്‍-അമ്മാപെട്ടി ക്ഷേത്രം, തൊട്ടാതു മുനിയപ്പന്‍ ക്ഷേത്രം, കാരിയ പെരുമാള്‍ കോവില്‍ തുടങ്ങിയവയാണ് ഈ റൂട്ടിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍.
അമ്മാപേട്ടെയില്‍ നിന്നും ഇനി മേട്ടൂരിലേക്കാണ് യാത്ര. 25 മിനിട്ട് സമയം കൊണ്ട് പിന്നിടാന്‍ സാധിക്കുന്ന 20 കിലോമീറ്റര്‍ ദൂരമാണ് മേട്ടൂരിലേക്ക് ഉള്ളത്. ദേശീയപാത 544 എച്ച് വഴിയാണ് നമ്മള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്. മേട്ടൂര്‍ ഡാമാണ് ഈ വഴിയിലെ പ്രധാന കാഴ്ച. കാവേരി നദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഡാം തമിഴ്‌നാടിന്റെ എല്ലാ ഭാഗത്തു നിന്നും ആളുകള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. കുടുംബമായി യാത്ര ചെയ്യുന്നവര്‍ ഒരിക്കലും ഒഴിവാക്കരുതാത്ത ഒരു സ്ഥലം കൂടിയാണിത്.
മേട്ടൂരില്‍ നിന്നും ഇനിയുള്ള യാത്ര തൊപ്പൂരിലേക്കാണ്. മേട്ടൂരില്‍ നിന്നും തൊപ്പൂരിലേക്ക് 40 കിലോമീറ്ററാണ് ദൂരം. പൂര്‍വ്വഘട്ടത്തിന്റെ ഭാഗമായ ഇവിടം സേലത്തു നിന്നും വെറും 40 കിലോമീറ്റര്‍ അകലെയാണ് ഉള്ളത്. സേലത്തെയും ധര്‍മ്മപുരിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്ഥലം കൂടിയാണിത്. ദേശീയപാത ഏഴിലൂടെ കടന്നു പോകുന്ന തൊപ്പൂര്‍ തമിഴ്‌നാട്ടിലെ പ്രധാന ബിസിനസ് നഗരങ്ങളില്‍ ഒന്നുകൂടിയാണ്. കാശ്മീര്‍-കന്യാകുമാരി പാതയും ഇതുവഴി കടന്നു പോകുന്നു.
തൊപ്പൂരില്‍ നിന്നും ഇനി പോകുന്നത് ധര്‍മ്മപുരിക്കാണ്. ഇവിടെ നിന്നും ധര്‍മ്മപുരിയിലേക്ക് 23.6 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഈ ദൂരമത്രയും ഇരുവശത്തുമായി പരന്നു കിടക്കുന്ന നെല്‍പാടങ്ങള്‍ കണ്ണുകള്‍ക്ക് കുളിര്‍മയും യാത്രയിലെ ക്ഷീണവും അകറ്റുമെന്ന ഉറപ്പാണ്. തൊപ്പൂര്‍ നദി, ആഞ്ജനയ കോവില്‍, മുനിയപ്പന്‍ ക്ഷേത്രം, മുനിയപ്പന്‍ ക്ഷേത്രം, കെംഗലപുരം കുടിയങ്കരൈ അമ്മന്‍ ക്ഷേത്രം, അതിയമാന്‍ ഫോര്‍ട്ട്, ലേക്ക് തുടങ്ങിയവ ഇവിടെ സമയം അനുവദിക്കുമെങ്കില്‍ കാണാം.
ഇനി യാത്ര ധര്‍മ്മപുരിയില്‍ നിന്നും വീണ്ടും തുടരുകയാണ്. ഹൊസൂരിലേക്കാണ് ഇനി എത്തേണ്ടത്. 2 വീലറിനു പോവുകയാണെങ്കില്‍ ഇടവഴികള്‍ താണ്ടി 90 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ മതി ധര്‍മ്മപുരിയില്‍ നിന്നും ഹൊസൂലിലെത്താന്‍. പാലക്കോട്, മറന്തഹള്ളി, റായക്കൊട്ടെ, ഹാലസിവം വഴി 90 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.
നമ്മുടെ യാത്ര അതിന്റെ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഹൊസൂരില്‍ നിന്നും ബെംഗളുവിലേക്ക് 40 കിലോമീറ്റര്‍ ദൂരമാണുള്ളത്. നഗരത്തിന്റെ തിരക്കുകളും ബഹളങ്ങളുമാണ് ഈ റോഡിന്റെ പ്രത്യേകത. ഇത്രയും ദൂരം സഞ്ചരിച്ച പച്ചപ്പ് ഒക്കെ കെട്ടിടങ്ങള്‍ക്ക് വഴി മാറി എങ്കിലും ഈ യാത്ര തരുന്നത് മികച്ച ഒരു അനുഭവവും മറ്റൊരിടത്തും കിട്ടാത്ത കാഴ്ചകളുമാണ് എന്നതില്‍ സംശയമില്ല.

Back to top button
error: