KeralaNEWS

ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം’; ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് സർക്കുലർ വായിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരെ ഇന്ന് വീണ്ടും തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിക്കും. ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരണം എന്നാണ് ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയുടെ സർക്കുലർ. പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും അധികാരികളിൽ നിന്ന് കൃത്യമായി മറുപടി കിട്ടിയിട്ടില്ലെന്നും കൂടാതെ, മത്സ്യത്തൊഴിലാളികൾക്ക് എതിരായ വിധി നേടിയെടുക്കാൻ കൂട്ടുനിന്നെന്നും സർക്കുലറിൽ കുറ്റപ്പെടുത്തുന്നു.

17-ാം തിയതി വരെയുള്ള ഉപരോധ സമരത്തിന്റെ ക്രമവും പ്രഖ്യാപിക്കും. ഉപരോധ സമരത്തിന്റെ 20-ാം ദിനമായ ഇന്ന് പ്രാർത്ഥന ദിനമായി ആചരിക്കും. നാളെ മുതൽ തുറമുഖ കവാടത്തിൽ തന്നെ ഉപവാസ സമരവും തുടങ്ങും. ആർച്ച് ബിഷപ്പിന്റെയും മുൻ ആർച്ച് ബിഷപ്പിന്റെയും നേതൃത്വത്തിലാണ് നാളെ ഉപവാസസമരം. തുറമുഖത്തിനെതിരായ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാവർത്തിക്കുകയാണ് ലത്തീൻ അതിരൂപത.

Signature-ad

നേരത്തെ, ഏഴ് ആവശ്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വൈദികരുടെ യോഗത്തില്‍ വ്യക്തമാക്കി. സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകും. ഭൂരിപക്ഷ പരാതികളിലും തീരുമാനമായി എന്ന പ്രചാരണം ശരിയല്ല. തീരുമാനമാകുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണം. അഞ്ച് സെന്‍റ് സ്ഥലവും വീടും നല്‍കി മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ വേണം. സമരവേദിയിൽ മാറ്റമില്ലെന്നും യോഗത്തില്‍ തീരുമാനം ഉയര്‍ന്നു. ഇതിനിടെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്നിരുന്നു.

പൊലീസിന് സംരക്ഷണം നൽകാനായില്ലെങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുറമുഖ നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തി പ്രതിഷേധിക്കാൻ സമരക്കാർക്ക് അവകാശമില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. സമാധാനപരമായി മാത്രമേ പ്രതിഷേധിക്കാവു. പദ്ധതി തടസ്സപ്പെടുത്താനോ, പ്രദേശത്ത് അതിക്രമിച്ചു കയറുവാനോ പാടില്ലെന്നും കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു.

Back to top button
error: