വാഷിങ്ടണ്‍: യു.എസില്‍ തട്ടിയെടുത്ത വിമാനവുമായി പരിഭ്രാന്തി സൃഷ്ടിച്ച പൈലറ്റ് പോലീസ് കസ്റ്റഡിയില്‍. മിസിസിപ്പിയിലെ ടുപ്പേലോയിലെ വാള്‍മാര്‍ട് സ്റ്റോറിലേക്ക് വിമാനം ഇടിച്ചിറക്കുമെന്നാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. സ്റ്റോറിനു മുകളില്‍ കൂറേനേരം വട്ടമിട്ടു പറന്നതോടെ പോലീസ് എത്തി അവിടെയുള്ള ആളുകളെ ഒഴിപ്പിച്ചിരുന്നു.
29 വയസുകാരനായ യുവാവ്, ടുപേളോ വിമാനത്താവളത്തില്‍നിന്നാണ് വിമാനം തട്ടിയെടുത്തത്. ഒന്‍പത് സീറ്റും രണ്ടു എന്‍ജിനുകളുമുള്ള ബീച്ച്ക്രാഫ്റ്റ് കിങ് എയര്‍- 90 എന്ന വിമാനം ഉപയോഗിച്ചാണ് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മൂന്നു മണിക്കൂറോളം വിമാനം വാള്‍മാര്‍ട്ടിനു മുകളില്‍ ചുറ്റിക്കറങ്ങി. തുടര്‍ന്ന് അവിടെനിന്നും നീങ്ങിയ വിമാനം ഇന്ധനം തീര്‍ന്നതോടെ ഒരു വയലില്‍ ഇറക്കുകയായിരുന്നു. ഇവിടെനിന്നാണ് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ആളപായമൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.