NEWSTech

സാങ്കേതിക തകരാര്‍; ആര്‍ട്ടെമിസ്-1 ദൗത്യം വീണ്ടും മാറ്റിവെച്ചു

കേപ് കനവെറല്‍: അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ് ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്നു നാസ അറിയിച്ചു. ഇതു രണ്ടാം തവണയാണ് ആര്‍ട്ടെമിസ്-1 ന്റെ വിക്ഷേപണം മാറ്റിവെയ്ക്കുന്നത്.

വിക്ഷേപണത്തിനുള്ള സ്പേസ് ലോഞ്ച് സിസ്റ്റത്തില്‍ (എസ്.എല്‍.എസ്.) വീണ്ടും ഇന്ധനച്ചോര്‍ച്ച കണ്ടെത്തിയതോടെയാണ് വിക്ഷേപണം മാറ്റാന്‍ തീരുമാനമായത്. ഇന്ധനം നിറയ്ക്കാന്‍ ശ്രമം തുടങ്ങി അല്പസമയത്തിനുള്ളില്‍ അതിസമ്മര്‍ദ അപായമണി മുഴങ്ങി. പരിശോധനയില്‍ കാര്യമായ പ്രശ്നങ്ങള്‍ കണ്ടെത്തിയില്ല. തുടര്‍ന്ന് ഇന്ധനം നിറയ്ക്കല്‍ പുനരാരംഭിച്ചപ്പോഴാണ് എന്‍ജിനില്‍ ചോര്‍ച്ച കണ്ടെത്തിയത്.

Signature-ad

ആര്‍ട്ടെമിസ് പരമ്പരയിലെ ആദ്യദൗത്യമായ ആര്‍ട്ടെമിസ്-1 ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഓഗസ്റ്റ് 29-ന് വിക്ഷേപിക്കാനാണ് പദ്ധതിയിട്ടത്. എന്നാല്‍, ഇന്ധനച്ചോര്‍ച്ചയും എന്‍ജിന്‍ തകരാറും കാരണം വിക്ഷേപണം മാറ്റിവെച്ചിരുന്നു. മനുഷ്യന്റെ രണ്ടാം ചാന്ദ്രയാത്രയ്ക്ക് മുന്നോടിയായുള്ള സ്പെയ്സ് ലോഞ്ച് സിസ്റ്റം (എസ്.എല്‍.എസ്.) റോക്കറ്റിന്റെ പരീക്ഷണക്കുതിപ്പാണ് അമേരിക്കയിലെ ഫ്ളോറിഡ കെന്നഡി സ്പേസ് സെന്ററില്‍ നടക്കേണ്ടിയിരുന്നത്.

നാസ ഇതുവരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 98 മീറ്റര്‍ ഉയരമുള്ള എസ്.എല്‍.എസ്. ശീതീകരിച്ച 10 ലക്ഷം ഗാലന്‍ ഹൈഡ്രജനും ഓക്സിജനുമാണ് ഇതിലെ ഇന്ധനം. ആര്‍ട്ടെമിസ്-1 എന്നു വിളിക്കുന്ന ഈ ദൗത്യത്തില്‍ മനുഷ്യരെ അയക്കുന്നില്ല. 2025-ല്‍ പദ്ധതിയിടുന്ന ആര്‍ട്ടെമിസ്-3 ദൗത്യത്തിലാകും മനുഷ്യന്‍ ചന്ദ്രനിലിറങ്ങുക.

Back to top button
error: