ജയ്പൂർ: സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് കോൺസ്റ്റബിൾ തടഞ്ഞുനിർത്തി കൈക്കൂലി ആവശ്യപ്പെട്ടത് ഡസിപിയോട്. ട്രാഫിക്ക് ജങ്ഷനിൽ നിലയുറപ്പിച്ച പൊലീസുകാർ ജനങ്ങളെ പിഴിയുന്നുവെന്ന ആരോപണം നിലനിൽക്കെയായിരുന്നു ജയ്പൂരിലെ സംഭവം. മഫ്തിയിലെത്തിയ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ തന്നെ സത്യാവസ്ഥ നേരിട്ടറിഞ്ഞു. ആദ്യം സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് റസീപ്റ്റ് എഴുതി, പിന്നീട് ചലാൻ റദ്ദാക്കാൻ 500 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ആയിരുന്നു. സംഭവത്തിൽ കോൺസ്റ്റബിൾ രാജേന്ദ്ര പ്രസാദിനെ സസ്പെൻഡ് ചെയ്യുകയും മറ്റ് മൂന്ന് പോലീസുകാരെ പൊലീസ് ലൈനിലേക്ക് അയക്കുകയും ചെയ്തു.
ഡിസിപി തന്റെ ഗൺമാനും ഡ്രൈവർക്കും ഒപ്പമാണ് മഫ്തിയിൽ റോട്ടറി സർക്കിളിലെ ട്രാൻസ്പോർട്ട് നഗർ പൊലീസ് സ്റ്റേഷൻ ഏരിയയിൽ എത്തിയത്. സീറ്റ് ബെൽട്ട് ധരിച്ചില്ലെന്നും ചലാൻ അടയക്കണമെന്നും ഡിസിപിയോട് ആവശ്യപ്പെട്ടു. ചലാൻ ഒഴിവാക്കണമെങ്കിൽ 500 രൂപ തന്നാൽ മിതിയെന്നായി പിന്നീട് രാജേന്ദ്ര പ്രസാദ്. പൊലീസുകാരുടെ കൃത്യനിർവഹണം വിലയിരുത്താൻ എത്തിയ ഡിസിപി കയ്യോടെ രാജേന്ദ്ര പ്രസാദിനെ പൊക്കി. തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ പോലും തിരിച്ചറിയാൻ കോൺസ്റ്റബിളിന് സാധിച്ചില്ലെന്നും, ആ രീതിയിലാണ് പരിശോധനകൾ നടത്തുന്നതെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
എസിപിയോട് വിവരങ്ങൾ തേടിയതായും അന്വേഷണം നടത്താൻ നിർദേശിച്ചതായും ഡെപ്യൂട്ടി കമ്മീഷണർ കൈലാശ് ചന്ദ്ര ബിഷ്ണോയ് പറഞ്ഞു. ചന്ദ്രബോസിനെ ഉടൻ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ചെക്ക് പോസ്റ്റ് പരിശോധനകൾ കർശനമാക്കാൻ നിർദേശിച്ചിരുന്നു. ഇതിന്റെ പ്രവർത്തനം പരിശോധിക്കാനായിരുന്നു സന്ദർശനം. മോഷണവും കവർച്ചയും വർധിച്ചുവന്ന സാഹചര്യത്തിലാണ് ചെക്ക് പോയിന്റുകൾ സ്ഥാപിച്ച് രാത്രി പട്രോളിങ് അടക്കം ശക്തമാക്കിയത്. എന്നാൽ ഇത്തരം ചെക്ക് പോയിന്റുകളിൽ കൂടുതൽ പരിശോധനകൾ വേണമെന്നും ഡിസിപി പറഞ്ഞു.