ചാലക്കുടി: ഇസ്രയേലില്‍ ചിട്ടി നടത്തി പ്രവാസി മലയാളികളുടെ പക്കല്‍ നിന്ന് 50 കോടി രൂപ തട്ടിയെടുത്ത ദമ്പതികള്‍ക്ക് എതിരേ ചാലക്കുടി പോലീസ് കേസെടുത്തു. ചാലക്കുടി പരിയാരം സ്വദേശികളായ ലിജോ ജോര്‍ജ്, ഭാര്യ ഷൈനി എന്നിവര്‍ക്കെതിരായാണ് കേസെടുത്തത്. ചാലക്കുടിയിലെ 50 ലധികം പേര്‍ ഇതിനകം പോലീസിന് പരാതി നല്‍കി.
ഇസ്രയേലില്‍ ‘പെര്‍ഫെക്ട് കുറീസ്’ എന്ന പേരിലാണ് ചിട്ടി നടത്തിയിരുന്നത്. ലിജോ ജോര്‍ജും ഷൈനിയുമായിരുന്നു നടത്തിപ്പുകാര്‍. ഇസ്രയേലിലെ മലയാളികളും അവരുടെ നാട്ടിലലെ ബന്ധുക്കളുമായിരുന്നു വരിക്കാര്‍. ആദ്യം ചിട്ടിയില്‍ നിക്ഷേപം നടത്തിയവര്‍ക്കെല്ലാം തുക തിരികെ നല്‍കി വിശ്വാസം ആര്‍ജിച്ചിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 300 ലേറെ പേര്‍ ചിട്ടിതട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. 1.5 കോടി രൂപ വരെ നഷ്ടപ്പെട്ട ഇടപാടുകാരുണ്ട്. തട്ടിപ്പിനിരയായവര്‍ ഇസ്രയേല്‍ അധികൃതര്‍ക്കും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി. അനില്‍ കാന്തിനും വിവിധ ജില്ലാ പോലീസ് മേധാവിമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
അടുത്തിടെ ലിജോയും ഷൈനിയും കേരളത്തില്‍ എത്തിയിരുന്നതായാണു പോലീസിനു ലഭിച്ച വിവരം. തട്ടിപ്പ് പുറത്തായ സാഹചര്യത്തില്‍ ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനുള്ള നടപടി ആരംഭിച്ചു. പരിയാരത്തെ ഇവരുടെ വീട് പൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്. ദമ്പതികള്‍ സംസ്ഥാനത്തിനു പുറത്തേയ്ക്കു കടന്നവെന്ന നിഗമനത്തിലാണ് പോലീസ്.