കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക സ്‌റ്റേ െഹെക്കോടതി നീട്ടി. റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്.ബി. കോളജിലെ മലയാളം അധ്യാപകന്‍ ജോസഫ് സ്‌കറിയ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
കേസില്‍ വാദം തുടരവെ പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നു യു.ജി.സി. െഹെക്കോടതിയില്‍ ബോധിപ്പിച്ചു. ഗവേഷണ കാലം ഉള്‍പ്പെടുത്തിയുള്ള നിയമനം യു.ജി.സിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും യു.ജി.സി. അറിയിച്ചു.
തുടര്‍ന്ന് വാക്കാല്‍ പറഞ്ഞ കാര്യങ്ങള്‍ രേഖാ മൂലം സമര്‍പ്പിക്കാന്‍ യു.ജി.സിയോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രേഖാമൂലം വിശദീകരണം നല്‍കാന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്കും പ്രിയാവര്‍ഗീസിനും കോടതി നിര്‍ദേശം നല്‍കി. കേസ് ഈ മാസം 16ന് വീണ്ടും പരിഗണിക്കും.
അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ അപേക്ഷിക്കാനുള്ള മിനിമം യോഗ്യതയായ എട്ടു വര്‍ഷത്തെ അധ്യാപന പരിചയം പ്രിയ വര്‍ഗീസിനില്ലെന്ന് ആരോപിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. കണ്ണൂര്‍ സര്‍വകലാശാല െവെസ് ചാന്‍സലര്‍, പ്രിയ വര്‍ഗീസ് തുടങ്ങിയവരാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍.
2018 ലെ യു.ജി.സി. വ്യവസ്ഥ അനുസരിച്ച് റിസര്‍ച് സ്‌കോര്‍, അംഗീകൃത പ്രസിദ്ധീകരണങ്ങള്‍ എന്നിവ പരിശോധിക്കാതെയാണ് െവെസ് ചാന്‍സലര്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി പ്രിയയ്ക്ക് ഇന്റര്‍വ്യൂവില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയതെന്നു ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.