ദില്ലി: ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക. വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയാണ് പതാക അനാച്ഛാദനം ചെയ്യുക. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പലായ വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്ന വേളയിലാണ്, സെപ്റ്റംബർ രണ്ടിന് പതാകയും അനാച്ഛാദനം ചെയ്യുന്നത്. കൊളോണിയൽ ഭൂതകാലത്തിൽ നിന്നുള്ള വിടവാങ്ങലിന്റെ അടയാളപ്പെടുത്തലായി, പുതിയ നാവിക പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിപ്പ്.
അതേസമയം രാവിലെ 9:30 നാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ഐഎൻഎസ് വിക്രാന്ത് എന്ന ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ പ്രധാനമന്ത്രി കമ്മീഷൻ ചെയ്യുക. നാവിക കപ്പലുകളോ, സാമഗ്രികളോ അവയുടെ ദേശീയതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പതാകയാണ് നേവൽ എൻസൈൻ. നിലവിലെ ഇന്ത്യൻ നേവൽ എൻസൈൻ ഒരു സെന്റ് ജോർജ്ജ് ക്രോസ് അടങ്ങിയ ( വെള്ള പശ്ചാത്തലത്തിൽ, ചുവന്ന കുരിശും, കുരിശിന്റെ ഒരു കോണിൽ, ദേശീയ പതാക) മാതൃകയിലാണ് ഉപയോഗിക്കുന്നത്.
ഇത് ബ്രിട്ടീഷ് കൊളോണിയൽ ഓർമകളെ നിലനിർത്തുന്ന സെന്റ് ജോര്‍ജ്ജ് കുരിശിന്റെ പ്രതീകമാണ്. 1950ന് ശേഷം ഇത് നാലാം തവണയാണ് നാവിക സേനയുടെ പതാക മാറ്റുന്നത്. നേരത്തെ മറ്റ് സേനകളും ഇത്തരം ചിഹ്നങ്ങൾ ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിയിരുന്നു. നാവിക സേനയിൽ മാത്രമാണ് ഇത്തരത്തിൽ ഒരു ചിഹ്നം പതാകയിൽ ഉപയോഗിക്കുന്നത്.