വ്യാവസായികാടിസ്ഥാനത്തില്‍ കുറഞ്ഞ ചെലവില്‍ പെന്‍സിലിന്‍ നിര്‍മിക്കാവുന്ന കണ്ടുപിടുത്തത്തിന് കാലിക്കറ്റ് സര്‍വകലാശാല അധ്യാപകന് പേറ്റന്റ്. സര്‍വകലാശാല ബയോടെക്നോളജി പഠനവകുപ്പിലെ അസോ. പ്രഫസർ ഡോ. സി. ഗോപിനാഥനാണ് നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചത്.
പാഴാകുന്ന പഴങ്ങളില്‍ നിന്ന് പെന്‍സിലിന്‍ ഉൽപാദിപ്പിക്കുന്ന പൂപ്പലിനെ വളര്‍ത്തുന്നതാണ് സാങ്കേതികവിദ്യ. സോളിഡ് സ്റ്റേറ്റ് ഫെര്‍മന്റേഷന്‍ പ്രക്രിയയിലൂടെ ജൈവമാലിന്യം ഉപയോഗിച്ചാണ് പെന്‍സിലിന്‍ ഉൽപാദിപ്പിക്കുക. ചീഞ്ഞ മുന്തിരി, നാരങ്ങ തുടങ്ങിയ പഴങ്ങള്‍ കുഴമ്പ് രൂപത്തിലാക്കി അതില്‍ തവിട്, ഉമിക്കരി എന്നിവ കലര്‍ത്തി ലായനിയാക്കും. ഇതിലാണ് പെന്‍സിലിയം പൂപ്പലിനെ വളര്‍ത്തുക. ഒരാഴ്ച കഴിഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്തിയ പൂപ്പലില്‍ നിന്ന് പെന്‍സിലിന്‍ തന്മാത്ര വേര്‍തിരിച്ചെടുക്കാനാകും.
പുതിയ സാങ്കേതിക വിദ്യ തേടി മരുന്നുനിര്‍മാണ കമ്പനികള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. സി. ഗോപിനാഥന്‍ പറഞ്ഞു. കൊതുക് നശീകരണത്തിന് ‘ബാസിലസ് തുറുഞ്ചിയന്‍സ് ഇസ്രായിലിയന്‍സ്’ എന്ന ബാക്ടീരിയ ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ ജൈവ കീടനാശിനി നിര്‍മിക്കുന്ന സാങ്കേതിക വിദ്യക്ക് 2017 ല്‍ ഡോ. ഗോപിനാഥിന് പേറ്റന്റ് ലഭിച്ചിരുന്നു.