CrimeNEWS

50 രൂപയ്ക്ക് പ്ലാവില വില്‍ക്കാന്‍ വീട്ടിലെത്തി; പണമെടുക്കാന്‍ തുറന്ന അരിപ്പെട്ടിയില്‍ തലയിടിപ്പിച്ച് ബോധംകെടുത്തി വയോധികയുടെ സ്വര്‍ണം കവര്‍ന്നയാള്‍ പിടിയില്‍

കോട്ടയം: പ്ലാവില വില്‍ക്കാനെത്തിയ ശേഷം വയോധികയായി വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. ഒളശ ഇല്ലത്തു കവല മാളിയേക്കല്‍ പ്രസന്നനെ (56)യാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. അയ്മനം സ്വദേശിനി സരോജിനിയെയാണ് ഇയാള്‍ ആക്രമിച്ചത്. 26നു രാവിലെയായിരുന്നു സംഭവം.

ഒറ്റയ്ക്ക് താമസിച്ചിരുന്ന സരോജിനി വീട്ടില്‍ രണ്ട് ആടുകളെ വളര്‍ത്തിയിരുന്നു. ആടിനു കൊടുക്കാന്‍ പ്ലാവില വില്‍ക്കാനായാണ് പ്രസന്നന്‍ സരോജിനിയുടെ വീട്ടിലെത്തിയത്. പ്ലാവിലയ്ക്ക് 50 രൂപ നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.

പണം എടുക്കാനായി അടുക്കളയിലേക്ക് പോയ സരോജിനി അരിപ്പെട്ടി തുറന്ന് പണം എടുത്തു. ഈ സമയം പിന്നാലെ അകത്തേക്ക് കയറിച്ചെന്ന പ്രസന്നന്‍ പണം എടുത്തുകൊണ്ടിരുന്ന സരോജിനിയുടെ തല അരിപ്പെട്ടിയില്‍ പലതവണ ഇടിപ്പിച്ച് ബോധം കെടുത്തുകയായിരുന്നു. ശേഷം സരോജിനിയുടെ കഴുത്തില്‍ കിടന്ന മൂന്നുപവന്‍ വരുന്ന സ്വര്‍ണ്ണമാലയും െകെയിലെ മൂന്ന് വളകളും ഊരിയെടുത്ത് കടന്നു കളഞ്ഞു.

സരോജിനിയുടെ വിവരം ലഭ്യമാകാഞ്ഞതിനെത്തുടര്‍ന്ന് ബന്ധു അടുത്ത ദിവസം വീട്ടില്‍ അന്വേഷിച്ചെത്തി. ഈ സമയത്താണ് അബോധാവസ്ഥയില്‍ സരോജിനി കിടക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ കോട്ടയം വെസ്റ്റ് സ്‌േറ്റഷനില്‍ പരാതി നല്‍കി. വയോധികയുടെ വീട്ടിലെത്തി നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ മോഷ്ടാവിനെ കുറിച്ച് സൂചന ലഭിക്കുകയും പ്രതിയായ പ്രസന്നനെ പിടികൂടുകയുമായിരുന്നു. എസ്.എച്ച്.ഒ: അനൂപ് കൃഷ്ണ, എസ്.ഐമാരായ ശ്രീജിത്ത് ടി, ജയകുമാര്‍ കെ, കുര്യന്‍ കെ കെ, എ.എസ്.ഐ അനീഷ് വിജയന്‍, സി.പി.ഒമാരായ വിഷ്ണുവിജയദാസ്, വിജയ് ശങ്കര്‍, െഷെന്‍ തമ്പി തുടങ്ങിയവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

 

Back to top button
error: