KeralaNEWS

വീടുകളിൽ ഓണമുണ്ണാൻ കഴിയാത്തവരെയും ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ; അഗതി മന്ദിരങ്ങളിലേക്ക് ഓണക്കിറ്റുമായി സംസ്ഥാന സർക്കാർ

കോട്ടയം: വീടുകളിൽ ഓണമുണ്ണാൻ കഴിയാത്തവരെയും ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ. ഇതോടെ ആയിരക്കണത്തിന് അഗതികൾക്ക് ഇത്തവണ ഓണമുണ്ണാം. സംസ്ഥാനത്തെ വിവിധ അഗതിമന്ദിരങ്ങളിലും ക്ഷേമസ്ഥാപനങ്ങളിലും സൗജന്യ ഓണക്കിറ്റ് നേരിട്ടെത്തിച്ച് നൽകുന്ന നടപടികൾ ഊർജ്ജിതമാക്കി ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി കോട്ടയം കീഴ്ക്കുന്നിലെ മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ അഭയ ഭവനിൽ കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി ആർ അനിൽ നേരിട്ടെത്തി അന്തേവാസികൾക്ക് കിറ്റുകൾ വിതരണം ചെയ്തു.

കേന്ദ്ര നയത്തിന്റെ ഭാഗമായി കേരളത്തിലെ സാർവ്വത്രിക റേഷനിംഗ് അവസാനിപ്പിച്ചതിന് ശേഷം റേഷൻകാർഡുകളെ തരംതിരിച്ചാണ് റേഷൻ വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കളായ കുടുംബങ്ങളെ മുൻഗണനയുടെ അടിസ്ഥാനത്തിൽ മഞ്ഞ, പിങ്ക്, നീല, വെള്ള കാർഡുകളായാണ് തരം തിരിച്ചിരിക്കുന്നത്. ഇതിൽ മഞ്ഞ, പിങ്ക് വിഭാഗങ്ങൾക്കാണ് ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള കേന്ദ്രത്തിന്റെ സൗജന്യനിരക്കിൽ ഭക്ഷ്യധാന്യം നൽകി വരുന്നത്. നീല , വെള്ള വിഭാഗങ്ങൾക്ക് നൽകുന്ന റേഷന്റെ ബാധ്യത സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഇതോടൊപ്പം വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ബ്രൗൺ (നോൺ-പ്രയോരിറ്റി- ഇൻസ്റ്റിസ്റ്റ്യൂഷൻ) കാർഡുകളും സംസ്ഥാന സർക്കാർ നൽകിയിരുന്നു. എന്നാല്‍ ഇടക്കാലത്ത് കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതോടെ ഇവിടേക്കുള്ള റേഷൻ മുടങ്ങിയിരുന്നു.

Signature-ad

സംസ്ഥാനത്ത് അംഗീകാരമുള്ള ക്ഷേമ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ദര്‍പ്പണ്‍ എന്ന സോഫ്റ്റ് വയര്‍ വഴി വെല്‍ഫെയര്‍ പെര്‍മ്മിറ്റ് അനുവദിച്ചിരുന്ന സ്ഥാപനങ്ങളിലേക്ക് ആദ്യ അലോട്ട്മെന്റിന് ശേഷം പിന്നീട് റേഷൻ നൽകാതെ വന്നതിനെ തുടർന്നാണ് റേഷൻ വിതരണം നിലച്ചത്.എന്നാൽ, തുടർന്നും 2018 മുതൽ ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളുടെ പട്ടിണി മാറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 2837.885 മെ.ടണ്‍ അരിയും 736.027 മെ.ടണ്‍ ഗോതമ്പും വിതരണം നടത്തിയിരുന്നു. പിന്നീട് റേഷൻവിഹിതത്തിൽ വീണ്ടും കുറവ് വന്നതിനെ തുടർന്ന് റേഷൻ വിതരണം മുടങ്ങി. അടുത്തയിടെ പി എസ് സുപാൽ എംഎൽഎ ഈ വിഷയത്തിൽ നിയമസഭയിൽ സബ് മിഷൻ ഉന്നയിച്ചതോടെ ടൈഡ് ഓവര്‍ വിഹിതമായി സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങളില്‍‍ നിന്നും ഇത്തരം സ്ഥാപനങ്ങള്‍ക്ക് മുമ്പ് നല്‍കിയിരുന്ന അളവില്‍ അടുത്തയിടെ ഈ സ്ഥാപനങ്ങളിലേക്കുള്ളഅരിവിതരണം പുനസ്ഥാപിക്കാൻ മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ഈ സ്ഥാപനങ്ങളിലേക്ക് സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റുകളും എത്തുന്നത്. റേഷൻകാർഡുടമകളായ എല്ലാ കുടുംബങ്ങളിലും സംസ്ഥാന പൊതുവിതരണ വകുപ്പ് സൗജന്യ ഓണക്കിറ്റുകൾ റേഷൻ കടകൾ വഴി വിതരണം ചെയ്യും. ഇതിനോടകം സംസ്ഥാനത്തെ 92, 78, 330 കാർഡുടമകളിൽ 32 ലക്ഷത്തിലധികം പേർ ഓണക്കിറ്റുകൾ സ്വീകരിച്ചുകഴി‍ഞ്ഞു.ഇതോടൊപ്പമാണ് സംസ്ഥാനത്തെ വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സൗജന്യ ഓണക്കിറ്റ് സിവിൽ സപ്ലൈസ് വകുപ്പ് നേരിട്ടെത്തിച്ച് നൽകുന്നത്.

27,000 ത്തിൽ അധികം വരുന്ന ബ്രൗൺ കാർഡുടമകൾക്ക് നാല് പേർക്ക് ഒരു കിറ്റ് എന്ന നിരക്കിലാണ് വിതരണം ചെയ്യുന്നത്. ഇത് കൂടാതെ കാർഡ് ലഭ്യമായിട്ടില്ലാത്ത ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നാല് പേർക്ക് ഒരു കിറ്റ് എന്ന നിലയിൽ വിതരണം ചെയ്യാണ് തീരുമാനം. കഴിഞ്ഞ ഓണക്കാലത്ത് ഇത്തരത്തിൽ 14,200 കിറ്റുകൾ വിതരണം ചെയ്തിരുന്നു. ഈ വർഷം എണ്ണം ഉയരുമെന്നാണ് വിലയിരുത്തൽ. കന്യാസ്ത്രീ മഠങ്ങൾ, അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ, ഇതര ക്ഷേമ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

കോട്ടയം ജില്ലയിൽ 643 സ്ഥാപനങ്ങളിലായി ബ്രൗൺ കാർഡുടമകൾക്ക് 1410 കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഇതിൽപ്പെടാത്ത 121 സ്ഥാപനങ്ങളിലെ 3837 ഓളം വരുന്ന അന്തേവാസികൾക്കായി 960 കിറ്റുകളും നൽകും.

Back to top button
error: