KeralaNEWS

നഗരൂരിൽ അച്ഛനും മകനും ദാരുണമായി മരണപ്പെട്ട വാഹനാപകടം, വാഹന ഉടമയെ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ ഡ്രൈവറാക്കി ആൾമാറാട്ടം

ആറ്റിങ്ങലിലെ നഗരൂരിൽ അച്ഛന്റെയും മകന്റെയും മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ ഗുരുതര ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കൾ. നഗരൂർ സ്വദേശി സുനിൽകുമാറും മകൻ ശ്രീദേവുമാണ് മരിച്ചത്. വാഹന ഉടമകൂടിയായ ജാഫർ ഖാനെ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്ന ഷിറാസിനെ ഒന്നാം പ്രതിയാക്കിയെന്ന് ആക്ഷേപം. സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയെന്നും കുടുംബം വ്യക്തമാക്കി. അതേ സമയം അപകടത്തിന് 10 മിനുറ്റ് മുൻപ് വാഹനമോടിച്ചത് ജാഫർ ഖാൻ ആണെന്ന് വ്യകതമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ആറ്റിങ്ങൽ കിളിമാനൂർ റോഡിൽ നഗരൂർ കല്ലിംഗലിൽ വെച്ച് ഫോർച്യൂണർ കാറിടിച്ച് നഗരൂർ സ്വദേശി സുനിൽകുമാറും ഇളയമകൻ ശ്രീദേവും തൽക്ഷണം മരിച്ചു. ​ഗുരുതര പരിക്കേറ്റ മൂത്ത മകൻ ശ്രീഹരി മെഡിക്കൽകോളജ് ആശുപത്രിയിൽ  ഐസിയുവിലാണ്. അമിത വേഗതയിലെത്തിയ വാഹനം ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ കാറിലുണ്ടായിരുന്ന ജാഫർ ഖാനും ഷിറാസും മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
വാഹനമോടിച്ചതു ഷിറാസ് ആണ് എന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാൽ പോലീസിന്റെ ഈ വാദത്തിനു എതിരെ കുടുംബം രംഗത്തെത്തി. വാഹന ഉടമകൂടിയായ ജാഫർ ഖാനെ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്ന ഷിറാസിനെ ഒന്നാം പ്രതിയാക്കിയെന്ന് ആക്ഷേപം. വാഹനമോടിച്ചത് ജാഫർ ഖാൻ ആണെന്ന് കുടുംബം പറഞ്ഞു

Signature-ad

അപകടത്തിന് 10 മിനുറ്റ് മുൻപ് വാഹനമോടിച്ചത് ജാഫർ ഖാനാണെന്നു വ്യകതമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മദ്യപിച്ച് ലക്കുകെട്ട പ്രതികൾ കിളിമാനൂരിലെ ബേക്കറിയിൽനിന്ന് ഭക്ഷണം വാങ്ങുന്നതും ബേക്കറി ജീവനക്കാരുമായി തർക്കമുണ്ടായതിന് ശേഷം അമിതവേ​ഗതയിൽ വാഹനമെടുത്ത് പോകുന്നതുമാണ് ദ്യശ്യങ്ങളിൽ ഉള്ളത്.

പോലീസ് അട്ടിമറിയടക്കം കുടുംബം സംശയിക്കുന്നുണ്ട്. അതിനാൽ തന്നെ സംസ്ഥാന പോലീസ് മേധാവിക്കും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും കുടുംബം പരാതി നൽകി.

ഇതിനിടെ ന​ഗരൂർ കല്ലിം​ഗലിലെ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചസംഭവത്തിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.

അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്ന കാറുടമ ജാഫർഖാൻ, ഷിറാസ് എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ ഡിവൈ.എസ്‌.പി ജി ബിനുവിന്റെ നേതൃത്വത്തിൽ തെളിവെടുപ്പിനെത്തിച്ചത്‌.

നിർമാണ തൊഴിലാളിയായ സുനിൽകുമാർ (പ്രദീപ്), മക്കളായ ശ്രീഹരി, ശ്രീദേവ് എന്നിവർ ബൈക്കിൽ ന​ഗരൂരിൽനിന്നും വീട്ടിലേക്ക് വരുന്ന വഴി കല്ലിം​ഗൽ വളവിൽ അമിത വേ​ഗതയിൽ വന്ന ഫോർച്യൂണർ കാർ ഇടിച്ചുകയറുകയായിരുന്നു.

ജാഫർഖാൻ വിദേശ വ്യവസായിയാണ്. പ്രതികളെ കിളിമാനൂരിലെ ബേക്കറിയിലും അപകടം നടന്ന സ്ഥലത്തുമാണ്‌ തെളിവെടുപ്പിനായെത്തിച്ചത്‌. നരഹത്യക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Back to top button
error: