KeralaNEWS

സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയായി പ്രതിഭ എത്തി, ലോകനാർകാവ് ക്ഷേത്രത്തിൽ സജീഷ് ഇന്ന് പ്രതിഭയുടെ കഴുത്തില്‍ മിന്നുകെട്ടി

മലയാളികള്‍ ഏറെ നൊമ്പരത്തോടെയും അതിലേറെ സ്‌നേഹത്തോടെയും ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനി. നിപ ബാധിച്ച് അകാലത്തിൽ ലിനി വിടവാങ്ങിയിട്ട് നാല് വര്‍ഷമായി. സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയായി  പ്രതിഭയെത്തി. വടകര ലോകനാർകാവ് ക്ഷേത്രത്തിൽ വച്ച് സജീഷ് ഇന്ന് പ്രതിഭയുടെ കഴുത്തില്‍ മിന്നുകെട്ടി.

സജീഷിന്റെയും പ്രതിഭയുടെയും ലിനിയുടെയും കുടുംബാംഗങ്ങൾ പങ്കെടുത്ത ചെറിയ ചടങ്ങ് മാത്രമായിരുന്നു വിവാഹം. കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശിയാണ് പ്രതിഭ.

സജീഷ് തന്നെയാണ് കഴിഞ്ഞ ദിവസം പ്രതിഭയും മക്കളുമൊന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ച് സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ‘‘ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണ്. റിതുലിനും സിദ്ധാർഥിനും അമ്മയും ചേച്ചിയുമായി ഇവരും കൂടെയുണ്ടാകും. എല്ലാവരുടെയും പ്രാർഥനകളും ആശംസകളും ഞങ്ങൾക്കൊപ്പം ഉണ്ടാകണം…”
സജീഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

2018-ൽ ലിനിയുടെ മരണശേഷം ബഹ്‌റൈനിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കെത്തിയ സജീഷിന് സർക്കാർ ആരോഗ്യവകുപ്പിൽ ജോലിനൽകിയിരുന്നു. പന്നിക്കോട്ടൂർ പി.എച്ച്.സി.യിൽ ക്ലാർക്കാണിപ്പോൾ.

ഇളയമകൻ സിദ്ധാർഥ് പാലുകുടിക്കുന്ന പ്രായത്തിലാണ് ലിനിയുടെ വേർപാട്. ഇപ്പോൾ സിദ്ധാർഥ്‌ ഒന്നിലും റിതുൽ നാലിലും പഠിക്കുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് വിവാഹത്തിന് ആശംസകളറിയിച്ചു. സജീഷ് വിളിച്ച് വിവാഹവിശേഷം പങ്കുവെച്ചു എന്നും ലിനിയുടെ മക്കൾക്ക് അമ്മയെ ലഭിക്കുകയാണെന്നും ആശംസ നേർന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

അമ്മയായി പ്രതിഭ എത്തുന്നത് ലിനിയുടെ മക്കൾക്ക് സന്തോഷം നൽകുന്ന കാര്യമാകുമെന്നും കുടുംബത്തിന് എല്ലാ ആശംസയും നേരുന്നുവെന്നും മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റ് നഴ്‌സായിരുന്ന ലിനി മരണപ്പെടുന്നത്. അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായിരുന്നു.

Back to top button
error: