സാഹിത്യത്തിലും സംഗീതത്തിലും രുചിഭേദങ്ങളിലും സർവ്വോപരി മനുഷ്യത്വത്തിലുമൊക്കെ ഒരുപടി മുന്നിലാണ് കോഴിക്കോടുകാർ. ആഘോഷങ്ങളിലും ആസ്വാദനത്തിലും ആ വൈവിദ്ധ്യം തൊട്ടറിയാം. ഓണാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലെ ചുമരുകളിലെ വർണ്ണചിത്രങ്ങൾ കണ്ടാലറിയാം ഈ സാംസ്കാരികത്തനിമ ഓണക്കാഴ്ചകളാണിത്, ഓട്ടോക്കാരോട് കഥ പറഞ്ഞ് ഓട്ടോയിൽ കറങ്ങുന്ന മാവേലി. ബീച്ചിൽ മാത്രം ലഭിക്കുന്ന കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ഉപ്പിലിട്ടതും ഐസൊരുതിയും വിൽക്കുന്ന ഉന്തുവണ്ടി. തൊട്ടടുത്തായി ഇതു സസൂക്ഷ്മം വീക്ഷിക്കുന്ന പുലിക്കളിരൂപം. കോഴിക്കോട് ബീച്ചിലെ ഓണാഘോഷ സംഘാടകസമിതിയുടെ ചുമരുകളിൽ നിറഞ്ഞ ഓണക്കാഴ്ചകളാണിത്.
ഡി.ടി.പി.സി യും പ്രൊവിഡൻസ് വുമൺസ് കോളജിലെ ട്രാവൽ ആന്റ് ടൂറിസം മാനേജ്‌മെന്റ് വകുപ്പും സംയുക്തമായാണ് ചുമരിൽ വർണ്ണച്ചിത്രങ്ങൾ ഒരുക്കിയത്. ജില്ലയിലെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ടൂറിസം ക്ലബ് അംഗങ്ങളായ 32 വിദ്യാർത്ഥികളാണ് ചായക്കൂട്ടുകളുമായി ബീച്ചിലെത്തിയത്.
ഓണാഘോഷത്തിന്റെ പ്രചരണാർത്ഥമാണ് ബീച്ചിൽ ചുമർച്ചിത്രമൊരുക്കിയത്. ബീച്ചിലെത്തുന്ന മുതിർന്നവരും കുട്ടികളും ഒരുപോലെ കൗതുകത്തോടെ ചുമരിലെ ചിത്രം വീക്ഷിക്കുന്നതു കാണാം. കോഴിക്കോടിന്റെ തനതു പ്രത്യേകതകളും, ഒപ്പം പരമ്പരാഗത ഓണാഘോഷവും സമന്വയിപ്പിച്ചാണ് ചുമരിൽ വർണ്ണച്ചിത്രം ഒരുക്കിയത്.
വർഷത്തിലൊരിക്കൽ നാട്ടിൽ തന്റെ പ്രജകളെ കാണാനെത്തുന്ന മാവേലിയുടെ ചിത്രമാണ് ബീച്ചിലേക്ക് ആളുകളെ സ്വാഗതം ചെയ്യുന്നത്. വർണ്ണാഭമായ ഓണപ്പൂക്കളവും ഓണത്തിന്റെ മാറ്റുകൂട്ടുന്ന വള്ളംകളിയും കഥകളിയും തിരുവാതിരയുമെല്ലാം ചുമരിൽ കാണാം. കോഴിക്കോട് ബീച്ചിലെ കടൽ പാലവും മാനാഞ്ചിറയും ഫറോക്ക് പഴയ ഇരുമ്പു പാലവും ഇവിടെ വരച്ചിട്ടുണ്ട്. കോഴിക്കോടിന്റെ പൈതൃകവും ചരിത്രപരമായ പ്രത്യേകതകളും വിളിച്ചോതുന്ന ചുമർച്ചിത്രം കാണാൻ ബീച്ചിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്.