സദ്യക്കും പൂക്കളത്തിനും പുടവയ്ക്കുമൊപ്പം തന്നെ മലബാറുകാരുടെ ഓണം പൂര്‍ത്തിയാകണമെങ്കില്‍ മറ്റൊരു താരം കൂടി വേണം..ദേഹം നിറയെ ചായം പൂശി മണികിലുക്കി കയ്യിലൊരു കുടയും പിടിച്ച് വരുന്ന ഓണപ്പൊട്ടന്‍. ഓണത്തിന്റെ ആഘോഷങ്ങള്‍ പല നാട്ടുകാര്‍ക്കും പലവിധമാണെങ്കിലും മലബാറുകാര്‍ക്ക് അത് ഓണപ്പൊട്ടനാണ്, പ്രത്യേകിച്ച് വടക്കേ മലബാറുകാര്‍ക്ക്. ഓണനാളുകളില്‍ വീടുകള്‍ തോറും കയറിയിറങ്ങി ഐശ്വര്യം നല്കലാണ് ഓണപ്പൊട്ടന്റെ നിയോഗം. ഓണേശ്വരന്‍ എന്നും ഓണപ്പൊട്ടന്‍ അറിയപ്പെടുന്നു.
വേഷത്തില്‍ തെയ്യം, പക്ഷേ മിണ്ടില്ല. രൂപത്തിലും ഭാവത്തിലുമെല്ലാം തെയ്യം തന്നെയാണെങ്കിലും വാ തുറക്കില്ല എന്നൊരു പ്രത്യേകത ഇതിനുണ്ട്. സംസാരിക്കാറേ ഇല്ലാത്തതിനാലാണ് ഈ തെയ്യം പൊട്ടന്‍ എന്നറിയപ്പെടുന്നത്. സംസാരിക്കില്ലെങ്കിലും മണി കിലുക്കി കടന്നു വന്നാണ് വരവ് അറിയിക്കുന്നത്.നിലത്തു ഉറച്ചു നില്‍ക്കാതെ താളം പിടിച്ച്, ഓടി നടക്കുന്ന ഓണപ്പൊട്ടന്റെ കാഴ്ചതന്നെ വളരെ രസകരമാണ്.
മുഖത്ത് ചായമിട്ട് കൈതനാരുകൊണ്ട് മുടിയും കുരുത്തോലയും ചൂടയാണ് ഓണപ്പൊട്ടന്‍ എത്തുക. തലയില്‍ കിരീടവും കയ്യില്‍ കൈവളയും കാണും. കയ്യില്‍ പിടിച്ചിരിക്കുന്ന ഓലക്കുടയില്‍ നിറയ കുരുത്തോലകള്‍ തൂക്കിയിരിക്കും.ഒപ്പം വരവറിയിക്കുവാന്‍ ചെണ്ടക്കാരനും. മഹാബലിയാണ് വേഷം മാറി ഓണത്തപ്പന്‍റെ രൂപത്തില്‍ വീട്ടിലെത്തുന്നതെന്നാണ് മലബാറുകാരുടെ വിശ്വാസം. വീട്ടിലെത്തുന്ന ഓണപ്പൊട്ടന് അരിയും തേങ്ങയും എണ്ണയുമാണ് വീട്ടുകാര്‍ നല്കുക.മലയ സമുദായത്തില്‍ പെട്ട ആളുകളാണ് സാധാരണയായി ഓണപ്പൊട്ടനാവുക. പത്ത് ദിവസത്തെ വ്രതമെടുത്താണ് ഓണപ്പൊട്ടന്റെ രൂപം കെട്ടുന്നത്. മലയ സമുദായക്കാര്‍ക്ക് രാജാക്കനാമാരണ് ഈ വേഷം കെട്ടുവാനുള്ള അവകാശമെന്നാണ് വിശ്വാസം. ഉത്രാടത്തിനാണ് പ്രധാനമായും ഓണപ്പൊട്ടന്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുക.