തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ നാളെ ചികിത്സയ്ക്കായി ചെന്നൈക്ക് തിരിക്കും. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ദൈനംദിന ചുമതലകള്‍ നിര്‍വഹിക്കാനുള്ള പരിമിതികള്‍ കോടിയേരി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് അടിയന്തരയോഗം ചേര്‍ന്ന് എം.വി. ഗോവിന്ദനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും മുമ്പ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ കോടിയേരി ബാലകൃഷ്ണനെ കണ്ടു. അനാരോഗ്യം മൂലം വിശ്രമത്തിലുള്ള അദ്ദേഹത്തെ ഫ്ളാറ്റിലെത്തിയാണ് നേതാക്കള്‍ കണ്ടത്. പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറിനില്‍ക്കാനുള്ള ആഗ്രഹമാണ് കോടിയേരി നേതൃത്വത്തെ അറിയിച്ചിരുന്നത്.
പൂര്‍ണ്ണമായും മാറിനില്‍ക്കേണ്ടതില്ലെന്നും അവധിയെടുത്ത് മാറി നിന്നാല്‍ പോരെയെന്നും നേതാക്കള്‍ കോടിയേരിയോട് ആരാഞ്ഞു. എന്നാല്‍ ആരോഗ്യ അവശതകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഒഴിയുന്നതില്‍ ഉറച്ചുനിന്നു. രണ്ടാഴ്ച മുന്‍പു ചേര്‍ന്ന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും വയ്യായ്മകളെ അതിജീവിച്ചാണ് കോടിയേരി പങ്കെടുക്കുകയും നേതൃപരമായ കടമ നിര്‍വഹിക്കുകയും ചെയ്തത്.
ചികിത്സക്കായി കോടിയേരി നാളെ ചെന്നൈയിലേക്ക് പോകും. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ സന്ദര്‍ശനത്തോടെയാണ് ചെന്നൈയില്‍ ചികിത്സ നടത്തുന്ന കാര്യം അന്തിമമാക്കിയത്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ കോടിയേരിയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അന്തിമതീരുമാനമായി. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതനേതാക്കളുടെ സന്ദര്‍ശനത്തിനു പിന്നാലെയായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമായത്.