IndiaNEWS

ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിനാശത്തിൻ്റെ പടുകുഴിയിലേക്ക്: മാത്യു സാമുവൽ

ദേശിയ രാഷ്ട്രീയത്തിൽ വിസ്ഫോടനങ്ങൾ സൃഷ്ടിച്ച, തെഹൽക്ക പത്രാധിപരായിരുന്ന പ്രശസ്ത പത്രപ്രവർത്തകൻ മാത്യു സാമുവൽ കോൺഗ്രസ് പാർട്ടിയുടെ തകർച്ചയുടെ മൂലകാരങ്ങൾ വിലയിരുത്തുന്നു.

അരമണിക്കൂർ രാഹുൽ ഗാന്ധിയോട് സംസാരിച്ചാൽ, ഒരുവിധപ്പെട്ടവർക്ക് മനസ്സിലാകും, ഈ മനുഷ്യൻ പക്വത വരാത്ത ഒരു ചെക്കനാണെന്ന്. അത് അദ്ദേഹത്തെ ആദ്യം കണ്ടപ്പോൾ എനിക്കും ബോധ്യം വന്നതാണ്..!
ശരിക്കും ബ്ലണ്ടർ പറയും, വിഡ്ഢിത്തം വിളമ്പും, വലിയ പൊട്ടത്തരങ്ങൾ അടിക്കും. അതിന്റെ കാരണം അയാൾക്ക് അത് മാത്രമേ അറിയൂ. ഏകദേശം രണ്ടുവർഷം മുമ്പ് ഈയുള്ളവൻ പറഞ്ഞു, ഈ കുടുംബം മാറാതെ ഇനി കോൺഗ്രസ് പാർട്ടിക്കു മുന്നോട്ടു പോകാനാവില്ലെന്ന്. വെന്റിലേറ്ററിലുള്ള ഈ പാർട്ടിയുടെ ശവം അടക്കിനു വേണ്ടി ഈ കുടുംബം നിലകൊള്ളുന്നു. അതേപോലെ തന്നെ സംഭവിക്കുന്നു, ഓരോ ദിവസങ്ങൾ കഴിയുമ്പോഴും…!

50 വർഷം ഈ പാർട്ടിക്കുവേണ്ടി നിലകൊണ്ട വ്യക്തിയാണ് ഗുലാം നബി ആസാദ്. നാം മനസ്സിലാക്കേണ്ടത് പ്രത്യേകിച്ച് കാശ്മീരിൽ നിന്നുള്ള ഒരു നേതാവ്, ഇന്ത്യയുടെ ദേശീയ ഐക്യവും മതേതര സ്വഭാവവുമെല്ലാം മുന്നിൽകണ്ട് പ്രവർത്തിച്ച ഒരു ദേശീയ നേതാവ്, നാം അറിയണം അദ്ദേഹത്തിന്റെ എത്രയോ കുടുംബാംഗങ്ങളെ ഭീകരർ കൊന്നിട്ടുണ്ടെന്ന്. എന്നിട്ടും കോൺഗ്രസ് പാർട്ടിക്കും ഇന്ത്യക്കും വേണ്ടി നിലകൊണ്ട ഒരു നേതാവ്, യൂത്ത് കോൺഗ്രസിൽ മെമ്പർഷിപ്പ് കൊടുത്ത് രാജീവ് ഗാന്ധിയെ ആ പാർട്ടിയിൽ എടുത്ത നേതാവ്, പല ആവർത്തി ഇന്ത്യയിലെ പല ജയിലുകളിലും തടവറയിൽ അടയ്ക്കപ്പെട്ട നേതാവ്, അടിയന്തരാവസ്ഥയിൽ തകർന്നടിഞ്ഞ കോൺഗ്രസ് പാർട്ടിയെ തിരികെ കൊണ്ടുവരാൻ അഹോരാത്രം പാടുപെട്ട നേതാവ്, ഇന്ത്യയുടെ ജിയോഗ്രഫി ഡെമോഗ്രഫി വ്യക്തമായ കാഴ്ചപ്പാടുള്ള   നേതാവ്, അതിനെല്ലാം ഉപരി ഇന്ത്യയിലെ മുസ്ലീങ്ങളുടെ, ന്യൂനപക്ഷങ്ങളുടെ ഒരു മുഖം കൂടിയാണ് ഗുലാം നബി ആസാദ്. അദ്ദേഹത്തെ പൂർണ്ണമായും ഒതുക്കാൻ ശ്രമിക്കുന്നു. എന്താണ് അദ്ദേഹം കാണിച്ച തെറ്റ്…?

കോൺഗ്രസ് പാർട്ടിയുടെ പ്രസിഡൻ്റിനോട്  2013 മുതൽ നിരന്തരം ആവശ്യപ്പെടുന്നു, ബൂത്ത് തലം ബ്ലോക്ക് തലം ജില്ലാതലം പാർട്ടിയെ ശക്തിപ്പെടുത്തണം എന്ന്. അത് പൂർണ്ണമായി അവഗണിക്കുന്നു,
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നയിച്ച കോൺഗ്രസ് പാർട്ടി തകർന്നു നിലംപരിശായി. 2014ലും 2019 ലും തകർന്ന് തരിപ്പണമായി. നയിക്കാൻ പ്രസിഡന്റ് ഇല്ലാത്ത ഒരു പാർട്ടി എങ്ങനെ മുന്നോട്ടു പോകും എന്ന് വീണ്ടും ചോദിക്കുന്നു…?
പാർട്ടി പുനസംഘടന നടത്തണം, തിരഞ്ഞെടുപ്പ് നടത്തണം, പാർട്ടി മുൻ നിരയിലേക്കു വരിക തന്നെ വേണം, ഒരു വർഷം ഏഴു മാസം വിദേശ വെക്കേഷനു പോകുന്ന രാഹുൽഗാന്ധിക്ക് ഇതിനോടൊന്നും താൽപര്യമില്ല എന്ന് പറയുകയും, പാർട്ടി പ്രസിഡണ്ട് സ്ഥാനം രാജി വെച്ചിട്ട്, റിമോട്ട് കൺട്രോൾ രീതിയിൽ പാർട്ടിയിൽ തീരുമാനമെടുക്കുകയും പെയ്യന്നു. കഴിഞ്ഞ 7 വർഷം കൊണ്ട് 7 മുൻ മുഖ്യമന്ത്രിമാരാണ് കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവച്ചു പോയത്, അവസാന ഫോർമുല എന്ന നിലയിൽ ഒരു മണ്ണുണ്ണി അശോക് ഗലൊട്ടിനെ എ.ഐ.സി.സി പ്രസിഡണ്ട് ആക്കുവാൻ നെഹൃകുടുംബം തീരുമാനിക്കുന്നു, അതായത് ഒരു വസ്തുത മനസ്സിലാക്കുക ഭരണത്തിൽ തിരികെ വരുക എന്നതു പോയിട്ട് ഒരു നല്ല പ്രതിപക്ഷം ആകുവാൻ പോലും കഴിവില്ലാത്ത പാർട്ടിയായി മാറി കോൺഗ്രസ്. ചില പി.സി.സി പ്രസിഡൻ്റുമാർ പറയുന്നത്, കഴിഞ്ഞ രണ്ടു കൊല്ലമായിട്ട് തങ്ങൾക്ക് രാഹുൽഗാന്ധി നേരിൽ കാണുവാൻ ഒരു അപ്പോയിൻമെന്റ് പോലും തരുന്നില്ല എന്നാണ്. ഇപ്പോഴത്തെ ആസ്സാം മുഖ്യമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഹേമന്ത് ബിസ്വാസ് പറഞ്ഞത് ഒരിക്കലും മറക്കരുത്, കോൺഗ്രസ് ശക്തമായിരുന്നു ആസാമിൽ. അദ്ദേഹം അവിടെ പിസിസി പ്രസിഡണ്ട് ആയിരുന്നു. ആ സമയത്ത് അവിടുത്തെ പി.സി.സിയുടെ ചില കാര്യങ്ങൾ രാഹുൽ ഗാന്ധിയെ ധരിപ്പിക്കാൻ വന്നപ്പോൾ അദ്ദേഹം വീടിന്റെ മുൻഭാഗത്ത് നിന്ന് തന്റെ നായയെ കളിപ്പിച്ചുകൊണ്ടാണ് ഹേമന്ത് ബിസ്വാസിനോട് സംസാരിച്ചതത്രേ. പിന്നെ ഇവരൊക്കെ പാർട്ടി മാറിയാൽ ആരാണ് കുറ്റക്കാർ…?

സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ കപിൽ സിബൽ പാർട്ടിയിൽ മാറ്റം വേണം എന്ന അഭിപ്രായമുന്നയിച്ചു. തുടർന്ന് ഒരു കൂട്ടം കോൺഗ്രസ് ഗുണ്ടകൾ അദ്ദേഹത്തെ ആക്രമിച്ചു. റോബർട്ട് വദേരാ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി ഇവരുടെയൊക്കെ കേസ് നടത്തുന്നത് കപിൽ സിബൽ ആണ്. അത്രമാത്രം അധംപതിച്ച ഒരു പാർട്ടിയായി ഇത് മാറി. ഒരു കാര്യം വ്യക്തമായി പറയാം അടുത്ത 30 വർഷത്തേക്ക് കേന്ദ്ര ഭരണത്തിൽ നിന്നും ബി.ജെ.പിയെ ഒഴിവാക്കാൻ കഴിയില്ല, ഓരോ ദിവസവും അവർ ശക്തി പ്രാപിക്കുന്നു. അല്ലെങ്കിൽ ആ പാർട്ടി പിളരണം. അതിനുള്ള സാധ്യത വിരളം …! ഒരു നല്ല പ്രതിപക്ഷം പോലും ആകുവാൻ കോൺഗ്രസിന് കഴിയുന്നില്ല, മനസ്സിലാക്കുക 10 വർഷം മുമ്പ് ഇന്ത്യയിലെ 22 സംസ്ഥാനത്ത് ഭരണമുണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ന് എവിടെ പോയി …?

Back to top button
error: