ജെയിംസ് വെബ്ബ് ദൂരദര്‍ശിനി ശേഖരിച്ച വിവരങ്ങളില്‍നിന്ന് നിര്‍ണായക കണ്ടെത്തലുമായി ബിരുദവിദ്യാര്‍ഥി. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡ് സാന്നിധ്യമുള്ളതിന്റെ വ്യക്തമായ ആദ്യത്തെ തെളിവാണ് കണ്ടെത്തിയിരിക്കുന്നത്.
WASP-39 b എന്ന വാതക ഭീമന്‍ഗ്രഹത്തെ കുറിച്ചുള്ള പുതിയ നിരീക്ഷണങ്ങളിലാണ് ഈ കണ്ടെത്തല്‍. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയായ സഫര്‍ റുസ്റ്റംകുലോവ് ആണ് ജെയിംസ് വെബ് ദൂരദര്‍ശിനി ശേഖരിച്ച വിവരങ്ങളില്‍നിന്ന് ഗ്രഹത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് സാന്നിധ്യം തിരിച്ചറിഞ്ഞത്.
ഗ്രഹത്തിന്റെ രൂപീകരണവും ഘടനയും സംബന്ധിച്ച വിവരങ്ങളും ലഭിച്ചുവെന്ന് നാസ പറഞ്ഞു. വ്യാഴത്തിന്റെ ഏകദേശം നാലിലൊന്ന് പിണ്ഡവും (ഏകദേശം ശനിയുടെ അതേ പിണ്ഡവും) വ്യാഴത്തേക്കാള്‍ 1.3 മടങ്ങ് വ്യാസവുമുള്ള ചൂടുള്ള വാതക ഭീമനാണ് WASP-39 b. സഫര്‍ റുസ്റ്റംകുലോവിന്റെ കണ്ടെത്തല്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിക്കും.
വെബ്ബ് ദൂരദര്‍ശിനിയുടെ ശക്തിയേറിയ ഇന്‍ഫ്രാറെഡ് ഉപയോഗിച്ചാണ് കാര്‍ബണ്‍ ഡയോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. WASP -32 bയില്‍ ഇത് സാധ്യമായതിനാല്‍ സമാനമായ മറ്റ് ചെറുഗ്രഹങ്ങളില്‍ സമാനമായ നിരീക്ഷണം നടത്താന്‍ വെബ്ബ് ദൂരദര്‍ശിനിക്ക് സാധിക്കും. മുമ്പ് നാസയുടെതന്നെ ഹബ്ബിള്‍, സ്പിറ്റ്സര്‍ ദൂരദര്‍ശിനികളിലൂടെ ഈ ഗ്രഹത്തില്‍ ജല ആവിയുടെയും സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റേയും സാന്നിധ്യം കണ്ടെത്തിയിരുന്നു.
അന്തരീക്ഷത്തിന്റെ ഘടന മനസ്സിലാക്കുന്നതിലൂടെ ഒരു ഗ്രഹത്തിന്റെ ഉത്ഭവത്തെക്കുറിച്ചും അത് എങ്ങനെ പരിണമിച്ചു എന്നതിനെക്കുറിച്ചുമുള്ള എന്തെങ്കിലും വിവരങ്ങള്‍ ലഭ്യമാകുമെന്ന് അരിസോണ സ്റ്റേറ്റ് സര്‍വകലാശാലയിലെ മൈക്ക് ലൈന്‍ പറഞ്ഞു. കാര്‍ബണ്‍ ഡൈ ഓക്സൈഡ് തന്മാത്രകള്‍ ഗ്രഹ രൂപീകരണകഥയുടെ സൂചനകളാണെന്നും അദ്ദേഹം വ്യക്തമാക്കി.