ചെറുതോണി: പിണങ്ങിപ്പോയ ഭാര്യയെ കാണാനെന്ന വ്യാജേനയെത്തി ഭാര്യാപിതാവിനെ ഗുരുതരമായി കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കരിമ്പന്‍ മണിപ്പാറ തോണിത്തറയില്‍ രതീഷിനെയാണ് വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്തത്. കുത്തേറ്റ പുഷ്പഗിരി സ്വദേശി കിഴക്കേപ്പറമ്പില്‍ രാജശേഖരന് (അനിയന് 60) ഗുരുതരാവസ്ഥയില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
രതീഷിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ 15 ദിവസം മുമ്പാണ് രണ്ട് കുട്ടികളുമായി രാഖിയെന്ന യുവതി സ്വന്തം വീട്ടിലെത്തിയത്. എന്നാല്‍ ഭാര്യയെയും മക്കളേയും കാണാനെന്ന വ്യാജേനയാണ് രതീഷ് ഭാര്യാഗൃഹത്തിലെത്തിയത്. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ വയറിന്റെ ഇരുവശത്തും കുത്തേറ്റ് രാജശേഖരന്റെ ആന്തരികാവയവങ്ങള്‍ പുറത്തുവന്ന അവസ്ഥയിലായിരുന്നു. ഭര്‍ത്താവിനെ കുത്തുന്നത് തടയാനെത്തിയ രാജശേഖരന്റെ ഭാര്യ ഓമനയ്ക്കും പരുക്കേറ്റു.
തന്നെ കൊലപ്പെടുത്തുകയായിരുന്നു ഭര്‍ത്താവിന്റെ ലക്ഷ്യമെന്ന് രാഖി പോലീസിന് മൊഴി നല്കി. കൊലപ്പെടുത്താന്‍ കത്തിവാങ്ങി വച്ചിട്ടുണ്ടെന്ന് ഇയാള്‍ പല തവണ വിളിച്ച് പറയുകയും സോഷ്യല്‍ മീഡിയയില്‍ കത്തിയുടെ ചിത്രം പങ്ക് വയ്ക്കുകയും ചെയ്തിരുന്നതായും രാഖി മൊഴിനല്‍കിയിട്ടുണ്ട്. തങ്കമണി സി.ഐ. എ.അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ രതീഷിനെ റിമാന്‍ഡ് ചെയ്തു.