മുണ്ടക്കയത്തിനടുത്ത് കോരുത്തോട് മടുക്കയിൽ യുവതിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കുരുന്നുമലയിൽ പുതുപറമ്പിൽ ശ്യാമിന്റെ ഭാര്യ അഞ്ജലി(26)യെയാണ് ബുധനാഴ്ച രാവിലെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
രാത്രി ഉറങ്ങാൻ കിടന്ന അഞ്ജലിയെ രാവിലെ എഴുന്നേറ്റപ്പോൾ കിടപ്പുമുറിയിൽ കണ്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. വീട്ടിലും സമീപത്തും ഭർത്താവ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കിണർ മൂടിയിട്ടിരുന്ന വല മാറ്റിയതായി ശ്രദ്ധയിൽപ്പെട്ടു. അവിടെ പരിശോധിച്ചപ്പോൾ യുവതിയെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയുടെ മൊബൈൽ ഫോൺ കാണാനില്ലെന്ന വിവരമുണ്ടെന്ന് സ്ഥലത്തെത്തിയ കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദ് അറിയിച്ചു.
ശ്യാമും അഞ്ജലിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ദമ്പതിമാർക്ക് അഞ്ച് വയസ്സുള്ള ഇരട്ടക്കുട്ടികളുണ്ട്. സ്ഥലത്തെത്തിയ മുണ്ടക്കയം പോലീസ് വിശദമായ അന്വേഷണം തുടങ്ങി. അതിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.