മുംബൈ: സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തുറന്നു പറഞ്ഞ മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിക്ക് സഹായഹസ്തം നീട്ടി മുംബൈയിലെ വ്യവസായി സന്ദീപ് തോറാട്ട്. ഇദ്ദേഹത്തിന്‍റെ കീഴിലുള്ള മുംബൈയിലെ സഹ്യാദ്രി വ്യവസായ ഗ്രൂപ്പില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളത്തില്‍ കാംബ്ലിക്ക് ജോലി നല്‍കാമെന്നാണ് വാഗ്ദാനം ലഭിച്ചതെന്ന് മറാത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബിസിസിഐ നല്‍കുന്ന പ്രതിമാസ പെന്‍ഷനായ 30000 രൂപയാണ് ആകെയുള്ള വരുമാനമെന്നും ഇതുകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവുന്നില്ലെന്നും കാംബ്ലി കഴിഞ്ഞ ദിവസ് മിഡ് ഡേ പത്രിത്തിന് നല്‍കി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അടുത്ത കൂട്ടുകാരനായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് തന്‍റെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് അറിയാമെങ്കിലും അദ്ദേഹത്തില്‍ നിന്ന് സഹായമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും കാംബ്ലി പറഞ്ഞിരുന്നു.
ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ തുടങ്ങാനിരിക്കെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും ചുമതല ഏല്‍പ്പിക്കുകയാണെങ്കില്‍ തനിക്കത് വലിയ ഉപകാരമായിരിക്കുമെന്നും കാംബ്ലി പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ അസോസിയേഷനെ സമീപിച്ചിരുന്നുവെന്നും കാംബ്ലി വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ കാംബ്ലിയുടെ വെളിപ്പെടുത്തലുകളോട് മുംബൈ ക്രിക്കറ്റ് അസോസിയേഷനോ സച്ചിന്‍ ടെന്‍ഡുല്‍ക്കറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് മുംബൈയിലെ പ്രമുഖ വ്യവസായി കൂടിയായ സന്ദീപ് തൊറാട്ട് കാംബ്ലിക്ക് സഹായഹസ്തം നീട്ടിയിരിക്കുന്നത്.
രാജ്യത്തിനായി കളിച്ച മഹാനായൊരു താരത്തിന് ഇത്തരമൊരു അവസ്ഥ വന്നത് തന്നെ ഇരുത്തി ചിന്തിപ്പിച്ചുവെന്നും ജോലി വാഗ്ദാനവുമായി കാംബ്ലിയെ ഉടന്‍ കാണുമെന്നും സന്ദീപ് തോറാട്ട് പറഞ്ഞു. സഹ്യാദ്രി മള്‍ട്ടി സ്റ്റേറ്റിന്‍റെ ഫിനാന്‍സ് ബ്രാഞ്ച് മുംബൈയില്‍ തുടങ്ങാനിരിക്കുകയാണെന്നും ഈ ബ്രാഞ്ചില്‍ മാനേജര്‍ പോസ്റ്റില്‍ കാംബ്ലിയെ നിയമിക്കാന്‍ തയാറാണന്നും സന്ദീപ് വ്യക്തമാക്കി.എന്നാല്‍ സന്ദീപിന്‍റെ ജോലി വാഗ്ദാനത്തോട് കാംബ്ലി ഇതുവരെ മനസു തുറന്നിട്ടില്ല.