കോട്ടയം: മണർകാട് ഏറ്റുമാനൂർ ബൈപ്പാസ് റോഡിലൂടെ യാത്ര ചെയ്തിട്ടുള്ളവരാണ് നിങ്ങളെങ്കിൽ നാലുമണിക്കാറ്റിനേക്കുറിച്ച് അറിയാതിരിക്കില്ല.കേരളത്തിലെ ആദ്യത്തെ വഴിയോര ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമാണ് നാലു മണിക്കാറ്റ്.
പാലമുറി പ്രായിപ്ര ചിറയിലാണ് നാലുമണിക്കാറ്റ് എന്ന സായാഹ്ന വിശ്രമസങ്കേതം.2011 ജനുവരി 13ന് ഉദ്ഘാടനം ചെയ്യപ്പെട്ട ”നാലുമണിക്കാറ്റ് ” നാട്ടുകാർ മുൻകൈ എടുത്ത് നിർമ്മിച്ചതാണ്.
മണർകാട് ഏറ്റുമാനൂർ ബൈപ്പാസ് റോഡ് റെസിഡന്റ്‌സ് അസോസിയേഷന്‍ അംഗവും മണര്‍കാട് കോളജിലെ സുവോളജി വിഭാഗം പ്രഫസറുമായ ഡോ പുന്നന്‍ കുര്യന്‍ വേങ്കടത്താണ് നാലുമണിക്കാറ്റ് എന്ന ആശയം അവതരിപ്പിച്ചത്.
പ്രകൃതിയുടെ സുഖകരമായ സൗന്ദര്യക്കാഴ്ചകളാണ് ‘നാലുമണിക്കാറ്റ് ” നിറയെ. ഇരുവശവും പാടശേഖരങ്ങളും, തെങ്ങുകളും കണ്ണിനെ കുളിരണിയിക്കുന്നു. സിമന്റിൽ തീർത്ത ചുണ്ടൻ വള്ളങ്ങളും, ഇരിപ്പിടങ്ങളും അവയ്‌ക്ക് തണലായി നിൽക്കുന്ന ചെറിയ മരങ്ങളുമാണ് നാലുമണിക്കാറ്റിന്റെ ഭംഗി.
ഒപ്പം ഉഴുന്നുവട, പരിപ്പുവട, മുട്ട ബജി, കപ്പ, ചേമ്പ്, ചേന എന്നിവ അടക്കമുള്ള നാടൻ വിഭവങ്ങളും ചായ, കാപ്പി, ജൂസ് എന്നിവയും ഇവിടെ ലഭിക്കും.ഞായറാഴ്‌ച ദിവസങ്ങളിൽ പായസവും ഒരുക്കുന്നുണ്ട്.എല്ലാം താങ്ങാവുന്ന വിലയിൽ മാത്രം.
നൂറുകണക്കിന് സന്ദർശകരാണ് വൈകുന്നേരങ്ങളിൽ ഇവിടെയെത്തുന്നത്. വൈകിട്ട് നാലു മണി മുതൽ രാത്രി എട്ടു വരെയാണ് നാലുമണിക്കാറ്റിന്റെ പ്രവർത്തനം.
മനസിനെ കുളിർപ്പിക്കുന്ന പ്രകൃതിയും, രുചിയൂറുന്ന നാടൻ വിഭവങ്ങളും ചേരുന്നതോടെ നാലുമണിക്കാറ്റ് ഏതൊരു സഞ്ചാരിക്കും മനസിൽ നിറഞ്ഞു നിൽക്കുന്ന അനുഭവമാകും.