ബെയ്റൂട്ട്: ലോകത്തിലെ ഏറ്റവും നീളമുള്ള ജപമാലയുടെ നിർമ്മാണം മധ്യേഷൻ രാജ്യമായ ലെബനോനില്‍ പുരോഗമിക്കുന്നു.ജപമാലയുടെ ആകൃതിയിൽ 600 മീറ്റർ നീളമുള്ള നിർമ്മാണം ബെക്കാ പ്രവിശ്യയിലാണ് പുരോഗമിക്കുന്നത്.
ജപമാലയിലെ 59 മുത്തുകൾ, 59 ചാപ്പലുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ജപമാല പ്രാർത്ഥനയുടെ സമയത്ത് ആളുകൾക്ക് ഇതിലൂടെ പ്രവേശിക്കാൻ സാധിക്കും. സ്വർഗ്ഗസ്ഥനായ പിതാവേ പ്രാർത്ഥന ചൊല്ലുന്ന ആറ് ചാപ്പലുകളും, നന്മ നിറഞ്ഞ മറിയമേ പ്രാർത്ഥന ചൊല്ലുന്ന 53 ചാപ്പലുകളും രാത്രിയിലെ പ്രകാശത്തിൽ വളരെ മനോഹരമായ വിധത്തില്‍ ശോഭിക്കുന്ന വിധത്തിലാണ് നിര്‍മ്മാണം.
ഉയിർപ്പിന്റെ കുരിശിലാണ് ജപമാല അവസാനിക്കുന്നത്. ഇവിടെ തീർത്ഥാടകർക്ക് ഒരുമിച്ചു കൂടാൻ ഒരു വലിയ ഓഡിറ്റോറിയവും, കുരിശിന്റെ കീഴിലായി ഒരു ദിവ്യകാരുണ്യ ചാപ്പലും സജ്ജീകരിച്ചിട്ടുണ്ട്.
2006-ൽ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗോറിയയിൽവെച്ച് വ്യാജ കുറ്റാരോപണവുമായി പോലീസ് അറസ്റ്റ് ചെയ്ത ചെറുപ്പക്കാരനായ ലെബനീസ് പൗരന്റെ ആശയമാണ് ജപമാല നിർമ്മാണത്തിലൂടെ പൂർത്തിയാകുന്നത്. കസ്റ്റഡിയിൽ ആയിരുന്ന സമയത്ത് മോചനത്തിനു വേണ്ടി ഇദ്ദേഹം മാതാവിനോട് പ്രാർത്ഥിക്കുകയും, മോചനം ലഭിച്ചതിനുശേഷം മരിയൻ തീർത്ഥാടന കേന്ദ്രം പണിയുകയുമായിരുന്നു.2008ലാണ് ഇതിന്റെ നിർമ്മാണം ആരംഭിക്കുന്നത്.2022 ക്രിസ്തുമസിന് തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.
മാരോണൈറ്റ് കത്തോലിക്കാ സന്യാസികളുടെ സ്ഥലത്താണ് ജപമാലയുടെ നിർമ്മാണം നടക്കുന്നത്. വത്തിക്കാന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം പത്തു രൂപതകളിലായി എണ്ണൂറോളം ഇടവകകളാണ്, ലെബനോനിൽ ഉള്ളത്.