പട്ന: റിക്രൂട്ട്മെന്റ് വൈകുന്നതില്‍ പ്രതിഷേധിച്ച അധ്യാപക ഉദ്യോഗാര്‍ഥികള്‍ക്കുനേരെ ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ട് അഡീ.ജില്ലാ മജിസ്‌ട്രേറ്റ്.
ബിഹാറിലെ പട്‌നയിലാണ് സംഭവം. നിയമനം വൈകുന്നതിനെതിരേ സംസ്ഥാന തലസ്ഥാനമായ പട്നയില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കുനേരേ പട്ന അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ മര്‍ദ്ദനം നടത്തുകയായിരുന്നു. പ്രതിഷേധക്കാരെ അധികൃതര്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്തെത്തി.
ദേശീയപതാക പിടിച്ച് നിലത്തുകിടക്കുന്ന ഒരു പ്രതിഷേധക്കാരനെ പട്ന അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്് കെ.കെ. സിങ്, ദണ്ഡ് ഉപയോഗിച്ച് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. പ്രതിഷേധക്കാരനെ കെ.കെ. സിങ് വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.
സംഭവം വിവാദമായതോടെ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പ്രതികരിച്ചു. സംഭവവികാസങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച പട്ന ജില്ലാ മജിസ്ട്രേറ്റ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.